കോട്ടയം: പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനോട് പ്രതികരിച്ച് എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എ. കുറ്റപത്രത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചു. പ്രതിപക്ഷ എം.എൽ.എയാകുമ്പോൾ അതിന് അനുസരിച്ച് ദ്രോഹിക്കും. താൻ ഭരണകക്ഷി എം.എൽ.എ അല്ലല്ലോ എന്നും എൽദോസ് കുന്നപ്പിള്ളി ചൂണ്ടിക്കാട്ടി.കേസിന്റെ ഭാഗമായി സ്വാഭാവികമായി കോടതിയിൽ സമർപ്പിക്കുന്നതാണ് കുറ്റപത്രം. ബാക്കി കാര്യങ്ങൾ കോടതിയിൽ നോക്കാം. ഇതൊക്കെ സ്വാഭാവികമായ ഒരു നടപടിയല്ലേ എന്നും ആഭ്യന്തര വകുപ്പ് കൊടുക്കുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു.കേസിൽ രണ്ട് സുഹൃത്തുക്കളെ കൂടി പ്രതിയാക്കിയതിനെ കുറിച്ച് അറിയില്ലെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
പീഡനക്കേസിലാണ് എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി കോവളത്തുവച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചതായും ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.2023 സെപ്തംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി പേട്ട നിവാസിയായ യുവതി പരാതി നല്‍കിയത്. മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്ക് പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമീഷണര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നു.
2022 ജൂലൈ നാലിനായിരുന്നു സംഭവം നടക്കുന്നത്. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ചും പീഡിപ്പിച്ചു. അഞ്ച് വര്‍ഷമായി പരിചയമുള്ള യുവതിയെയാണ് എം.എല്‍.എ ബലാത്സംഗം ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയ കേസിൽ എല്‍ദോസ് കുന്നപ്പിള്ളിയുടെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.