മലപ്പുറം: മഞ്ചേരിയിൽ ഡയാലിസിസ് മാലിന്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഒരു കുടുംബം. വീട്ടില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിട്ടുള്ള മാലിന്യം നീക്കാൻ രോഗിയായ രാജുവും ഭാര്യ ലീലയും ഇനി മുട്ടാത്ത വാതിലുകളില്ല. ഒരു കുടുംബത്തിന്റെ നിസ്സഹായ അവസ്ഥയാണിത്. രോഗിയായ രാജുവിന് വീട്ടില്‍ വച്ച് തന്നെയാണ് ഡയാലിസിസ് ചെയ്യുന്നത്. ഇങ്ങനെ വരുന്ന മാലിന്യം വീട്ടില്‍ കെട്ടികിടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നായി. ഹോട്ടൽ തൊഴിലാളിയായിരുന്നു രാജു. അസുഖം വന്നതോടെ ജോലി നിർത്തി. മൂന്ന് നേരം ഡയാലിസിസ് ചെയ്യേണ്ടതു കൊണ്ട് ഭാര്യ ലീലയും ഇപ്പോൾ പണിക്ക് പോകുന്നില്ല. ഈ മാലിന്യം ഇവിടെ നിന്ന് നീക്കാൻ ലീല മുട്ടാത്ത വാതിലുകളില്ല. ലീലയുടെ പരാതി ആരും ചെവി കൊണ്ടില്ല.
നിത്യവൃത്തിക്ക് തന്നെ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് കുടുംബം. ചികിത്സക്കും പണം കണ്ടെത്തണം. ഇതിനിടയിലും ഈ മാലിന്യം ഇവിടെ നിന്ന് നീക്കാൻ പണം നൽകാൻ തയ്യാറാണെന്ന് വരെ ഇവര്‍ അറിയിച്ചു.