തിരുവനന്തപുരം: രാത്രി മുറിയിലുണ്ടായ അഗ്നിബാധയില്‍ ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനിൽ സോമനെ (71) ആണ് ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സോമൻ കിടന്നുറങ്ങുകയായിരുന്ന മുറിയിൽ നിന്നും തീ പടരുകയായിരുന്നു.
വൈദ്യുതിയില്ലാത്തതിനാൽ കത്തിച്ചു വച്ച മെഴുകുതിരിയിൽ നിന്നാകാം തീ പടർന്നതെന്നാണ് കരുതുന്നത്. മുറിക്കുള്ളിലെ സകല വസ്തുക്കളും കത്തിനശിച്ചു. തീ പിടിച്ച ജനാല തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന സോമന്റെ ഭാര്യ അമ്പിളിയുടെ ദേഹത്ത് വീണപ്പോഴായിരുന്നു മറ്റുള്ളവർ തീപിടിച്ചത് അറിഞ്ഞത്. അപ്പോഴേക്കും വീട് മുഴുവൻ പുക നിറഞ്ഞിരുന്നു.
സോമന്റെ നിലവിളി കേട്ട മക്കളും അയൽവാസികളും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. 60 ശതമാനം പൊള്ളലേറ്റ സോമനെ മെഡി.കോളേജ് ബേൺ ഐസിയുവിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.
വീട്ടിൽ ചപ്പ് ചവറുകൾക്ക് തീയിട്ടപ്പോൾ വസ്ത്രത്തിലേക്ക് പടർന്ന് 51 കാരി മരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. കണ്ണൂർ പാവന്നൂർ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിലെ കലിക്കോട്ട് വളപ്പിൽ ഉഷയാണ് മരിച്ചത്. പരിയാരത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെബ്രുവരി രണ്ടാം വാരത്തില്‍ ഷിംലയില്‍ ഇരുനില കെട്ടിടത്തിന് തീ പിടിച്ച് ഏഴുവയസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. അഗ്നിബാധയില്‍ ഏഴ് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.