നയേരി: സ്കൂളിലുണ്ടായ അഗ്നിബാധയിൽ 17 കുട്ടികൾക്ക് ദാരുണാന്ത്യം. കെനിയയിലെ നയേരിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് സ്കൂൾ കെട്ടിടത്തിന് സമീപത്തുള്ള ഡോർമിറ്റിറിയിലാണ് തീ പടർന്ന് പിടിച്ചത്. പൊള്ളലേറ്റ് ചികിത്സയിലുള്ളവരുടെ നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്. നയേരി കൌണ്ടിയിലെ ഹിൽസൈഡ് എൻഡാർഷ പ്രൈമറി സ്കൂളിലുണ്ടായ അഗ്നിബാധയേക്കുറിച്ച് അന്വേഷണം നടക്കുന്നതായാണ് അധികൃതർ വിശദമാക്കുന്നത്. അന്വേഷണ സംഘത്തെ സ്കൂളിൽ നിയോഗിച്ചതായാണ് പൊലീസ് പ്രതികരിച്ചിട്ടുള്ളത്.
ബാധിക്കപ്പെട്ട വിദ്യാർത്ഥികൾക്കും അവരുടെ കുടുംബത്തിനും അധ്യാപകർക്കും മാനസികാരോഗ്യ വിദഗ്ധർ അടക്കമുള്ളവരുടെ സേവനം ലഭ്യമാക്കുമെന്ന് കെനിയയിലെ റെഡ് ക്രോസ് വിശദമാക്കി. കെനിയയിലെ ബോർഡിംഗ് സ്കൂളുകളിൽ അഗ്നിബാധയുണ്ടാവുന്നത് അസാധാരണ സംഭവമല്ലാത്ത കാഴ്ചയാണ് നിലവിലുള്ളത്. 2017ൽ പെൺകുട്ടികൾക്കായുള്ള മോയ് ഗേൾസ് ഹൈ സ്കൂളിലുണ്ടായ അഗ്നിബാധയിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. നയ്റോബിയിലായിരുന്നു ഈ സ്കൂൾ. നയ്റോബിയ്ക്ക് തെക്ക് കിഴക്കൻ മേഖലയിലെ മച്ചാക്കോസ് കൌണ്ടിയിൽ 20 വർഷങ്ങൾക്ക് മുൻപുണ്ടായ അഗ്നിബാധയിൽ 67 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു.
ഞെട്ടിക്കുന്നതും അതിദാരുണവുമാണ് അഗ്നിബാധയെന്നാണ് സംഭവത്തേക്കുറിച്ച് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണ റിപ്പോർട്ടും വില്യം റൂട്ടോ തേടിയിട്ടുണ്ട്. സംഭവത്തിൽ കാരണക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും വില്യം റൂട്ടോ എക്സിൽ വിശദമാക്കി. തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ കത്തിക്കരിഞ്ഞാണ് മൃതദേഹങ്ങളിൽ ഏറിയ പങ്കുമുള്ളതെന്നാണ് അധികൃതർ വിശദമാക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഇനിയുെ മൃതദേഹങ്ങൾ കണ്ടെത്താനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.