തിരുവല്ല: തിരുവല്ല അർബൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ച ലക്ഷങ്ങൾ നിക്ഷേപക അറിയാതെ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിലായിരുന്ന മുൻ ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിലെ മുൻ ബ്രാഞ്ച് മാനേജരും മഹിള അസോസിയേഷൻ നേതാവുമായിരുന്ന മതിൽഭാഗം കുറ്റിവേലിൽ വീട്ടിൽ പ്രീത ഹരിദാസ് ആണ് പിടിയിലായത്. ഇന്ന് രാവിലെ 9 മണിയോടെ ചെങ്ങന്നൂരിൽ നിന്നും കാറിൽ തിരുവല്ല ഭാഗത്തേക്ക് വരുന്ന വഴിയാണ് പ്രീത പിടിയിലായത്.
തിരുവല്ല മതിൽഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹൻ ബാങ്കിൽ നിക്ഷേപിച്ച സ്ഥിരനിക്ഷേപ തുകപണം തട്ടിയ കേസിൽ തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രീത ഹരിദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം നാലിന് ഹൈകോടതി തള്ളിയിരുന്നു. പതിനേഴാം തീയതിക്ക് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാനും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിന് ശേഷവും പ്രീത ഹരിദാസ് വിവിധ ബന്ധുവീടുകളിലായി ഒളിവിൽ കഴിയുകയായിരുന്നു. രാഷ്ട്രീയ സമ്മർദത്തിന്റെ പേരിൽ പ്രീതയുടെ അറസ്റ്റ് ഒഴിവാക്കി ഇവരെ ഒളിവിൽ പോകാൻ പൊലീസ് സഹായിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈ.എസ്.പി മുമ്പാകെ ഹാജരാവാൻ ഹൈകോടതി നിർദേശിച്ചിരുന്ന പതിനേഴാം തീയതിക്ക് ശേഷവും പ്രതി ഹാജരാവാതെ ഇരുന്നതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
2015ലാണ് വിജയലക്ഷ്മി 3,50,000 രൂപ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപമിട്ടത്. അഞ്ചു വർഷത്തിനു ശേഷം പലിശ സഹിതം 6 ലക്ഷത്തി എഴുപതിനായിരം രൂപ കിട്ടേണ്ടിടത്ത് നിക്ഷേപ തുക തിരികെ എടുക്കാൻ ചെന്നപ്പോൾ അക്കൗണ്ട് കാലി. 2022 ഒക്ടോബർ മാസത്തിൽ തുക പിൻവലിക്കാൻ എത്തിയപ്പോഴാണ് പണം പിൻവലിക്കപ്പെട്ട വിവരം പരാതിക്കാരി അറിഞ്ഞത്. തുടർന്ന് വിജയലക്ഷ്മി തിരുവല്ല ഡിവൈ.എസ്.പി മുമ്പാകെ പരാതി നൽകി. ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം അടുത്ത ദിവസം സ്റ്റേഷനിൽ എത്തിയ പ്രീത വ്യാജ ഒപ്പിട്ട് പണം പിൻവലിച്ചതായി സമ്മതിച്ചു. തുടർന്ന് മൂന്ന് മാസത്തിനകം പണം തിരികെ നൽകാമെന്ന ഉറപ്പിന്മേൽ ഇവർ ചെക്കും പ്രോമിസറി നോട്ടും പരാതിക്കാരിക്ക് നൽകി.
5 മാസങ്ങൾക്ക് ശേഷവും പണം ലഭിക്കാതെ വന്നതോടെയാണ് വിജയലക്ഷ്മി സഹകരണ രജിസ്ട്രാറിനും ഹൈകോടതിക്കും പരാതി നൽകിയത്. സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോധ്യമാവുകയും 7 ദിവസത്തിനകം നിക്ഷേപയുടെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ആഴ്ച തട്ടിയെടുത്ത പണം പ്രീത തിരികെ അടച്ചിരുന്നു. സി.ഐ ബി.കെ സുനിൽ കൃഷ്ണൻ, എസ്.ഐ സുരേന്ദ്രൻ പിള്ള , സീനിയർ സി.പി.ഒമാരായ അഖിലേഷ് , അവിനാശ്, ഉദയൻ, മനോജ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.