ആലപ്പുഴ: ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്.ഗവർണർ പദവി ആവശ്യമില്ലെന്ന ഇ പി യുടെ പ്രസ്താവനയോടാണ് പ്രതികരണം.ഇ പി എന്ന മഹാനായ മനുഷ്യൻ ഞങ്ങളുടെ യു ഡി എഫ് ഭവനത്തിൻ്റെ ഐശ്വര്യം ആണെന്ന് സതീശന്‍ പറഞ്ഞു.നിയമസഭ കയ്യാങ്കളിക്കിടെ വി ശിവന്‍കുട്ടിയെ പ്രതിപക്ഷ അംഗങ്ങള്‍ അക്രമിച്ച് ബോധരഹിതനാക്കിയെന്നും ഇ പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായാണ് പ്രതിപക്ഷ നേതാവിന്‍റെ ആലങ്കാരിക ഭാഷയിലുള്ള പ്രതികരണം.ഗവർണർ മുഖ്യമന്ത്രി വാഗ്വാദത്തില്‍ പ്രതിപക്ഷത്തിന്‍റെ നിലപാട് ശരിയെന്ന് തെളിയുന്നുവെന്നും സതീശന്‍ പറഞ്ഞു.ഇരുകൂട്ടരും ചേർന്ന് നിയമ വിരുദ്ധ കാര്യങ്ങൾ ചെയ്തപ്പോൾ ഒരു പരാതിയും ഇല്ല.സർക്കാർ പറയുന്ന കാര്യങ്ങൾ ചെയ്യാതായപ്പോൾ ഗവർണറെ ആർ എസ് എസ് വക്താവ് എന്ന് കുറ്റപ്പെടുത്തുന്നു.കണ്ണൂർ യൂണിവേഴ്സിറ്റി വിഷയത്തിൽ ഗവർണർ ഇപ്പോൾ എടുക്കുന്ന നിലപാട് ശരിയാണെന്നും പ്രതപിക്ഷ നേതാവ് പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസിൽ വിചിത്ര ന്യായീകരണവുമായി ഇ പി ജയരാജൻ. സംഘർഷം തുടങ്ങിയത് യുഡിഎഫാണെന്നും എൽഡിഎഫ് അംഗങ്ങൾക്ക് നേരെ ശക്തമായ ആക്രമണമുണ്ടായെന്നുമാണ് വീഡിയോ ദൃശ്യങ്ങളടക്കം തെളിവായുള്ള കേസിൽ ഇ.പി ജയരാജൻ ഉയർത്തുന്ന വിചിത്ര വാദം.ആസൂത്രിതമായി പ്ലാൻ തയ്യാറാക്കിയാണ് യുഡിഎഫ് എത്തിയതെന്ന് ഇപി ജയരാജൻ ആരോപിച്ചു. പ്രതിപക്ഷം സമാധാനപരമായി മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് ഭരണപക്ഷത്തിൽ നിന്നും പ്രകോപനപരമായ രീതിയിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായത്. ഇതോടെ പ്രതിഷേധമുണ്ടായി. പ്രതിപക്ഷത്തെ മസിൽ പവറോടെ നേരിടുകയാണ് യുഡിഎഫ് അംഗങ്ങൾ ചെയ്തത്. കയ്യാങ്കളി ആരംഭിച്ചത് യുഡിഎഫാണ്. ഇന്നത്തെ മന്ത്രി ശിവൻകുട്ടിയെ തല്ലിബോധം കെടുത്തി. പലരേയും ആക്രമിച്ചു. വനിതാ എംഎൽഎമാരെ കടന്നുപിടിച്ചു. യുഡിഎഫ് സർക്കാർ അവരുടെ അംഗങ്ങൾ ആക്രമിക്കുന്ന കയ്യേറ്റം ചെയ്യുന്ന വീഡിയോ പറത്ത് വരാതിരിക്കാൻ നീക്കം നടത്തിയെന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.