തിരുവനന്തപുരം: തിരുവനന്തപുരത്തെ തുമ്പ കടപ്പുറത്ത് അടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്തു. സ്രാവിനെ ജീവനോടെ തന്നെ കടലിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒന്നര ക്വിന്റലിലേറെ തൂക്കം വരുന്ന സ്രാവ് കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ കമ്പവലയില്‍ കുരുങ്ങിയാണ് സ്രാവ് കരയ്ക്കടിഞ്ഞത്.
സ്രാവിന്റെ ചെകിളയിലും മറ്റും മണല്‍ നിറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സ്രാവിനെ വേഗം കടലിലേക്ക് മടക്കാനുള്ള തീവ്രപരിശ്രമത്തിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ ഒന്നര ക്വിന്റലിലേറെ തൂക്കം വരുന്ന സ്രാവിനെ കടലിലേക്ക് തിരിച്ച് വിടാനായില്ല. തീരപ്രദേശത്ത് തന്നെ സ്രാവിനെ കുഴിച്ചിടും. മണ്ണ് മാന്തി യന്ത്രം ഉള്‍പ്പടെ എത്തിച്ച് സ്രാവിനെ കരയില്‍ കുഴിച്ചിടുമെന്ന് കഠിനംകുളം പഞ്ചായത്ത് അറിയിച്ചു. ഞായറാഴ്ച അവധിയായതിനാൽ നൂറുകണക്കിന് ആളുകൾ കൂറ്റൻ സ്രാവിനെ കാണാനെത്തി.