ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾക്കാണ് ഇത്തരം തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്നത്. പുണെയിൽ നിന്നുള്ള ഐ.ടി എൻജിനീയർക്ക് യൂട്യൂബിന്‍റെ പേരിലെ ജോലി തട്ടിപ്പിലൂടെ നഷ്ടമായത് 49 ലക്ഷം രൂപയാണ്.
റിപ്പോർട്ട് പ്രകാരം മാർച്ച് 28 നും ഏപ്രിൽ 28 നും ഇടയിലാണ് സംഭവം. പണം നഷ്ടപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് പരാതി നൽകിയത്. ഹിഞ്ചേവാഡി സ്വദേശിയായ സ്നേഹ സിങ് (35) ആണ് ഹിഞ്ജേവാഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്താൽ പണം ലഭിക്കുമെന്ന് മോഹിപ്പിച്ച് തട്ടിപ്പുകാർ സ്നേഹയെ സമീപിക്കുകയായിരുന്നു. തുടക്കത്തിൽ യുവതിക്ക് 150 രൂപയും 350 രൂപയും ലഭിച്ചിരുന്നു. പിന്നീട് വലിയ തുക നിക്ഷേപിക്കാൻ സ്ത്രീയോട് ആവശ്യപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തി. നിക്ഷേപിച്ച തുകയുടെ 30 ശതമാനം തിരിച്ചുനൽകാമെന്ന വാഗ്ദാനം യുവതി വിശ്വസിച്ചു.
ഇതോടെ 49 ലക്ഷം രൂപയാണ് ഐ.ടി എൻജിനീയർ നിക്ഷേപിച്ചത്. എന്നാൽ പിന്നീട് പണമൊന്നും ലഭിക്കാതായതോടെ യുവതി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.