ന്യൂഡൽഹി: ലോകത്തിന്റെ നന്മക്ക് വേണ്ടി ഇന്ത്യയും യു.എ.ഇയും ഇനിയും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ സന്ദർശനത്തിന് പിന്നാലെയാണ് മോദിയുടെ പ്രഖ്യാപനം. ലോകത്ത് കൂടുതൽ നന്മകളുണ്ടാവാൻ ഇന്ത്യയും യു.എ.ഇയും ഇനിയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യു.എ.ഇ സന്ദർശനത്തെ സംബന്ധിക്കുന്ന ചെറു വിഡിയോയും മോദി പുറത്തിറക്കിയിട്ടുണ്ട്. മോദിയുടെ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇന്ത്യ-യു.എ.ഇ ബന്ധത്തിൽ എല്ലാ മേഖലകളിലും പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നായിരുന്നു പ്രസ്താവന.
രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർനം പൂർത്തിയാക്കിയുള്ള മടക്കയാത്രയിലാണ് ശനിയാഴ്ച രാവിലെ മോദി യു.എ.ഇയിലെത്തിയത്. അബൂദബി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മ സ്വീകരണമാണ് യു.എ.ഇ ഒരുക്കിയത്.
വിമാനത്താവളത്തിൽ അബൂദബി കിരീടവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താളവത്തിൽ ഊഷ്മളമായ സ്വീകരണം ഒരുക്കിയ അബൂദബി കിരീടവകാശിക്ക് പ്രധാനമന്ത്രി നന്ദിയറിയിച്ചു.