ഹൈദരാബാദ്: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ സമവാക്യങ്ങൾ കൂടുതൽ മാറിമറിയുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പായി തെലുങ്കു ദേശം പാർട്ടി നേതാവ് എൻ. ചന്ദ്രബാബു നായിഡുവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയും ഡൽഹിയിലെത്തി ബി.ജെ.പി നേതാക്കളെ കണ്ടു. ചന്ദ്രബാബു നായിഡു ഡൽഹിയിലെത്തി 24 മണിക്കൂറിനു ശേഷമാണ് ജഗൻ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബി.ജെ.പി ദേശീയ നേതാവ് ജെ.പി. നദ്ദയുമായും ഇരുവരും കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തിന്റെ പ്രത്യേകപദവിയെ കുറിച്ച് ചർച്ചചെയ്യാനാണ് ജഗൻ മോദിയെ കണ്ടത് എന്നാണ് റിപ്പോർട്ട്. കേന്ദ്രഫണ്ട് അടക്കമുള്ള വിഷയങ്ങളും ചർച്ചയായി.എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുമായും ടി.ഡി.പിയുമായും സഖ്യമുണ്ടാക്കുമോ ബി.ജെ.പി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 173സീറ്റിൽ മത്സരിച്ചിട്ടും ബി.ജെ.പിക്ക് ഒരുസീറ്റിൽ പോലും വിജയിക്കാനായില്ല. ആ സാഹചര്യത്തിൽ ബി.ജെ.പിയുമായി സീറ്റ് പങ്കുവെക്കാൻ ഇരുപാർട്ടികളും തയാറാകില്ല.