കൊച്ചി: സ്ത്രീശാക്തീകരണത്തിന്‍റെ അന്തസ്സത്ത നിലനിർത്താൻ സ്ത്രീകൾക്ക് സ്വയംസംരംഭകത്വ മേഖലയിൽ സർക്കാറിന്‍റെ നിക്ഷേപം വർധിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് പി.ടി.പി. സാജിദ. വനിത ദിനത്തോടനുബന്ധിച്ച് 50 തൊഴിൽ സംരംഭകത്വപദ്ധതികൾ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. നസീമ അധ്യക്ഷത വഹിച്ചു. കൊച്ചി മുൻ മേയർ സൗമിനി ജെയിൻ പരിപാടി ഉദ്ഘാടനം ചെയ്തു. പീപിൾസ് ഫൗണ്ടേഷൻ അംഗം സഫിയ അലി, എറണാകുളം ജില്ല പ്രസിഡൻറ് വി.കെ. റംലക്ക് പദ്ധതിയുടെ താക്കോൽ കൈമാറി. പ്രമുഖ സാമൂഹിക പ്രവർത്തകരായ സി.എച്ച്. മാരിയത്ത്, സിഫിയ ഹനീഫ്, സമ്മിശ്ര കർഷകയായ ബീന സഹദേവൻ, സ്വയംസംരഭക കെ.എ. ഫാത്തിമ എന്നിവരെ ആദരിച്ചു.
സി.ഇ.എഫ്.ഇ.ഇ ചെയർമാൻ ഡോ. പി.എ. മേരി അനിത, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് സുനീല സിബി, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ, വിങ്സ് സംസ്ഥാന പ്രസിഡൻറ് മെഹനാസ് അഷ്ഫാഖ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഡ്വ. തമന്ന സുൽത്താന എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം പി. റുക്സാന സമാപനപ്രഭാഷണം നടത്തി. വനിത വിഭാഗം സംസ്ഥാന സെക്രട്ടറി എം.എ. സാഹിറ സ്വാഗതവും എറണാകുളം സിറ്റി പ്രസിഡൻറ് സൗദ ഫൈസൽ നന്ദിയും പറഞ്ഞു.