കൊച്ചി: ഇടതുമുന്നണിയിലേക്കുള്ള പ്രവേശനത്തില്‍ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ജനതാദൾ-എസ്. വരുന്ന വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് പാർട്ടി ദേശീയ പ്രസിഡന്‍റ് സി.കെ. നാണു വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
തങ്ങളെ മുന്നണിയിലെ സ്വതന്ത്ര പാര്‍ട്ടിയായി അംഗീകരിക്കണമെന്ന ആവശ്യത്തോട് ഇടതുമുന്നണി മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. പാര്‍ട്ടിയുടെ നയങ്ങളും ആശയങ്ങളും പിന്തുടരുന്നതിനാല്‍ യഥാര്‍ഥ ജനതാദള്‍-എസ് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 12, 13 തീയതികളില്‍ സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. അതിനു മുന്നോടിയായി ജില്ല, നിയോജക മണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും പുനഃക്രമീകരിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ് ഖാദര്‍ മാലിപ്പുറം, ദേശീയ ജനറല്‍ സെക്രട്ടറി ജുനൈദ് കൈപ്പാണി എന്നിവരും പങ്കെടുത്തു.