ന്യൂഡൽഹി: ഝാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ അലംഗീർ അലത്തിന്റെ പേഴ്സണൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഇ.ഡി. സഞ്ജീവ് ലാലിനെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ സഹായിയായ ജഹാംഗീർ അലത്തിന്റെ വീട്ടിൽ നിന്നും ഇ.ഡി പണം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ജഹാംഗീർ അലവും ഇ.ഡിയുടെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ ദിവസം രാത്രിയാണ് സഞ്ജീവ് ലാലിനേയും ജഹാംഗീർ അലത്തെയും ഇ.ഡി കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ജഹാംഗീർ അലത്തിന്റെ ഫ്ലാറ്റ് ഇ.ഡി റെയ്ഡ് ചെയ്തിരുന്നു. ഇതുകൂടാതെ നിരവധിസ്ഥലങ്ങളിൽ ഇ.ഡി നടത്തിയ റെയ്ഡിൽ 35 കോടി പിടിച്ചെടുത്തിരുന്നു.
ജാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട് ഉള്‍പ്പെടെ റാഞ്ചിയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച റെയ്ഡ് നടത്തുകയായിരുന്നു. ജാര്‍ഖണ്ഡിന്റെ ഗ്രാമവികസന മന്ത്രിയാണ് അലംഗീര്‍ ആലം. ജാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പിലെ ചില പദ്ധതികളുടെ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡുകളെന്നാണ് സൂചന.