പാലക്കാട് > ജി ശക്തിധരന് അന്വേഷണഉദ്യോഗസ്ഥന് മുന്നിൽ ഒന്നുംവെളിപ്പെടുത്താനാകാതെ വരുമ്പോൾ ബോധപൂർവം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ഡിവൈഎഫ്‌ഐ തുടക്കമിട്ട ജില്ലാതല ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്‌ഘാടനത്തിത്തിന് തിരുനെല്ലായിലെത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരിഹാസ്യമായ ആരോപണമായിരുന്നു ഫെയ്‌സ്‌ബുക് പോസ്‌റ്റിലൂടെ ശക്തിധരൻ ഉയർത്തിയതെന്ന് തെളിഞ്ഞു. തന്റേടമുണ്ടെങ്കിൽ പറഞ്ഞ കാര്യം തെളിയിക്കാൻ തയ്യാറാകണം. എന്നാൽ, ഭീരുവിനെപ്പൊലെ ഒളിച്ചോടി. ഏറ്റെടുത്ത യുഡിഎഫ് ഇത് തങ്ങൾക്ക് പറ്റിയ ബ്ലൻഡറാണെന്ന് പറഞ്ഞ് കേരള ജനതയോട് ക്ഷമാപണം നടത്തണം. വ്യക്തിനിയമങ്ങളിൽ നിരവധിമാറ്റം വന്നതിനുശേഷംമാത്രം ചർച്ചയ്‌ക്ക് വിധേയമാക്കേണ്ട നിയമമാണ് യൂണിഫോം സിവിൽകോഡ്. മുസ്ലിങ്ങൾമാത്രം പ്രതികരിക്കേണ്ട വിഷയമല്ല. വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഹിന്ദുക്കളുടെ ഇടയിൽത്തന്നെ ഏകീകൃത സംവിധാനം ഇന്നുമില്ല. ന്യൂനപക്ഷപ്രശ്‌നമായേ ഇതിനെ കാണുന്നില്ല.
മതനിരപേക്ഷപ്രസ്ഥാനങ്ങളോടൊപ്പംനിന്നാണ് മുസ്ലിംസംഘടനകളും വിഷയത്തിൽ പ്രതികരിക്കേണ്ടത്. അങ്ങനെയൊരുനീക്കം എൽഡിഎഫിന്റെ ഭാഗത്തുനിന്ന് വരുമ്പോൾ ലീഗും മുസ്ലിംസംഘടനകളും അതിനെ വിശ്വാസത്തിലെടുക്കണം. ഇതിന്റെ അർഥം എൽഡിഎഫിന്റെ ഭാഗമാകാൻ ലീഗിനെ ക്ഷണിച്ചു എന്നല്ല എന്നും എ കെ ബാലൻ പറഞ്ഞു.