കൊച്ചി: കരുവന്നൂർ സർവിസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിലെ 14ാം പ്രതിയുടെ ജാമ്യ ഹരജി ഹൈകോടതി ജനുവരി 10ന് പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ സെപ്റ്റംബർ നാലിന് അറസ്റ്റിലായ താൻ മൂന്നുമാസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യപ്രതിയായ തൃശൂർ കോലഴി സ്വദേശി പി. സതീഷ് കുമാർ നൽകിയ ജാമ്യഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. ഇ.ഡിക്കുവേണ്ടി അഡീ. സോളിസിറ്റർ ജനറലിന് ഹാജരാകേണ്ടതുണ്ടെന്നും ഇതിനായി സമയം അനുവദിക്കണമെന്നുമുള്ള ഇ.ഡിയുടെ ആവശ്യപ്രകാരമാണ് ഹരജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റിയത്.
തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചിട്ടും വഴങ്ങാത്തതിനാലാണ് പ്രതിയാക്കിയതെന്നും സതീഷിന്റെ ഹരജിയിൽ പറയുന്നു. ബാങ്ക് തട്ടിപ്പുകേസിലെ ഒമ്പതാം പ്രതി കിരണും 34ാം പ്രതി മുൻ ബാങ്ക് മാനേജർ കെ. ബിജുവും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയത്. ബാങ്ക് തട്ടിപ്പുകേസിൽ കിരണിനെ ചോദ്യം ചെയ്തശേഷം ഇ.ഡി തന്നെ പ്രതിയാക്കുകയായിരുന്നെന്ന് സതീഷ് ആരോപിക്കുന്നു.