കൊച്ചി: കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും ശരിയല്ലാത്ത ഒരു നടപടി ഉണ്ടായെന്നും ഇപ്പോൾ ആ വിവാദത്തിലേക്ക് പോകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വീണ ജോർജിന് കുവൈത്തിലേക്കുള്ള യാത്രക്കായി പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ചത് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശം.
വീണ ജോർജ് വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് തിരിച്ചുപോകുന്നത്. ഇക്കാര്യത്തിലാണ് ശരിയായ സമീപനമുണ്ടാകാതിരുന്നത്. ഇതേ കുറിച്ചല്ല ഇപ്പോൾ പറയേണ്ടത്. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ ഇടപെടുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസ ജീവിതത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തിൽ സംഭവിച്ചത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസി കുടുംബങ്ങളിൽ ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദുരന്തം ഉണ്ടായ ഉടനെ കേന്ദ്രവും കേരളവും വളരെ ക്രിയാത്മകമായി ഇടപെട്ടു. കുവൈത്ത് സർക്കാറും ഫലപ്രദമായതും ശക്തമായതുമായ നടപടി സ്വീകരിച്ചു. കുവൈത്ത് സർക്കാറിന്റെ തുടർ നടപടികളും കുറ്റമറ്റ രീതിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ കുവൈത്ത് സർക്കാർ മുന്നിട്ടുവരുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.