ഹൈദരാബാദ്: ഗണപതി ക്ഷേത്രങ്ങളിൽ പ്രസാദമായി ലഡ്ഡു വിതരണം ചെയ്യുന്നത് പതിവാണ്. അങ്ങനെ ഹൈദരാബാദിലെ ക്ഷേത്രത്തിൽ നടന്ന ലഡ്ഡു വിതരണം റെക്കോർഡിട്ടിരിക്കുകയാണ്. ഗണപതി പ്രസാദമെന്ന് ഭക്തർ വിശ്വസിക്കുന്ന ലഡ്ഡു ഇവിടെ ലേലം വിളിയിലൂടെ ഒരു ഭക്തൻ സ്വന്തമാക്കിയത് 45 ലക്ഷം രൂപയ്ക്കാണ്. 12 കിലോഗ്രാം തൂക്കമുള്ള ലഡ്ഡുവാണ് റെക്കോർഡ് വിലയിൽ ലേലം പോയത്.
കഴിഞ്ഞദിവസം ബാലാപൂർ ഗണപതി ക്ഷേത്രത്തിലെ ലഡ്ഡു 24.60 ലക്ഷം രൂപയ്ക്ക് ലേലം പോയത് തന്നെ വലിയ വാർത്തയായിരുന്നു. ഇതിനെയും മറികടന്നാണ് 44,99,999 രൂപയ്ക്ക് ഇന്ന് മരകത ലക്ഷ്മി ഗണപതി ഉത്സവത്തിലെ ലഡ്ഡു ലേലം പോയത്. ഹൈദരാബാദിലെയും സെക്കന്തരാബാദിലെയും മാത്രമല്ല തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും ഏറ്റവും വില കൂടിയ ലേലമാണിത്. ഗണപതി ക്ഷേത്രങ്ങളിലെ പ്രസാദമാ ലഡ്ഡു ഭഗവാന്റെ അനുഗ്രഹമാണെന്നും ഇത് ഭാഗ്യവും, ഐശ്വര്യവും ആരോഗ്യവും നൽകുമെന്നുമാണ് ഭക്തരുടെ വിശ്വാസം.
ഗീതപ്രിയ- വെങ്കട്ട റാവു ദമ്പതികളാണ് 45 ലക്ഷം രൂപയ്ക്ക് ലഡ്ഡു സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ബാലാപൂർ ലഡ്ഡു 24.60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് കർഷകനും വ്യപാരിയുമായ വി ലക്ഷ്മ റെഡ്ഡിയാണ്. ലേലം വിളിയിലൂടെ ലഭിച്ച തുക ക്ഷേത്ര പുനരുദ്ധാരണത്തിന് ചെലവഴിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 1994ൽ 450 രൂപയ്ക്ക് കർഷകനായ കോലാൻ മോഹൻ റെഡ്ഡി ലേലം വിളിട്ട് സ്വന്തമാക്കിയതു മുതൽ തുടങ്ങിയതാണ് ഇവിടുത്തെ ലഡ്ഡു ലേലം ചരിത്രം.