തിരുവനന്തപുരം: 1964-ലെ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം അഞ്ച്, ഏഴ് എന്നിവയുടെ സാധുത ഹൈകോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരുകയാണെന്ന് മന്ത്രി കെ. രാജൻ. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നേരിടുന്ന തടസം ഒഴിവാക്കി പട്ടയം നൽകുന്നതിനുള്ള അനുഭാവപൂർവമുള്ള നടപടി സ്വീകരിച്ച് വരികയാണെന്നും ഉമ തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാത്യു കുഴൽ നാടൻ, ചാണ്ടി ഉമ്മൻ എന്നിവർക്ക് മറുപടി നൽകി.
മൂന്നാർ മേഖലയിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് ‘വൺ എർത്ത് വൺ ലൈഫ്’ എന്ന സംഘടന ഹൈകോടതിയിൽ ഫയൽ ചെയ്ത കേസിലെ 2024 ജനുവരി 10 ലെ ഇടക്കാല ഉത്തരവ് പ്രകാരം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ 1964-ന് മുമ്പ് ഭൂമി കൈവശത്തിലാണ് എന്നതിൽ രേഖകൾ ഹാജരാക്കുന്നവർക്കല്ലാതെ മറ്റാർക്കും പട്ടയം നൽകേണ്ടതില്ലായെന്ന് വ്യക്തമാക്കിയിരുന്നു. 1964-ലെ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം അഞ്ച്, ഏഴ് എന്നിവയുടെ സാധുത സംബന്ധിച്ച് സ്റ്റേറ്റ്മെൻറ് സമർപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചാണ് ഉത്തരവിട്ടത്.
ഈ ഉത്തരവിൽ 1964- കേരള ഭൂമി പതിവ് ചട്ടങ്ങളുടെ പ്രാബല്യ തീയതിക്ക് ശേഷമുള്ള കൈവശങ്ങൾക്ക് പട്ടയം നൽകുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പാടില്ലെന്ന് വ്യക്തമാക്കി. ഇതുവരെ പട്ടയം ലഭിച്ചവരെ ഈ നിർദേശം നിലവിൽ ബാധിക്കുന്നതല്ല. 1964-ലെ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം അഞ്ച്, ഏഴ് എന്നിവയുടെ സാധുത ഹൈകോടതിയെ ബോധ്യപ്പെടുത്തുന്നതിനായി ഇൻസ്ട്രക്ഷൻസ് തയാറാക്കി അഡ്വക്കേറ്റ് ജനറലിന് സമർപ്പിച്ചിരുന്നു. തുടർന്ന് അഡ്വക്കേറ്റ് ജനറൽ സത്യവാങ്മൂലം തയാറാക്കി 2024 ജൂൺ 12ന് സർക്കാരിൽ സമർപ്പിച്ചു. അത് ചീഫ് സെക്രട്ടറി ഹൈകോടതിയിൽ ഫയൽ ചെയ്യുന്നതിനുമുള്ള നടപടികൾ തുടങ്ങിയെന്നും മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു.