ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ക്ലാസ്മുറിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ മുസ്ലിം വിദ്യാര്‍ഥിയെ ആലിംഗനം ചെയ്ത് മര്‍ദിച്ച സഹപാഠികളിലൊരാള്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മര്‍ദനമേറ്റ കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ വിദ്യാര്‍ഥിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിക്കുകയായിരുന്നു.
വിദ്യാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ബികെയു നേതാവ് നരേഷ് ടിക്കായത്ത് പ്രതികരിച്ചു. സംഭവത്തിന്റെ വീഡിയോ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പങ്കുവെച്ചിട്ടുണ്ട്. സ്‌നേഹത്തിന്റെ പാഠം പഠിച്ചാല്‍ മാത്രമേ യഥാര്‍ഥ ഇന്ത്യ നിലനില്‍ക്കൂ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അധ്യാപികയെകൊണ്ട് മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന് രാഖി കെട്ടിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തില്‍ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മുസഫര്‍നഗര്‍ പൊലീസാണ് കേസെടുത്തത്. കുട്ടിയെ മര്‍ദിക്കാന്‍ ക്ലാസിലെ മറ്റു കുട്ടികളോട് ആവശ്യപ്പെടുന്ന അധ്യാപികയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനം ആണ് ഉയര്‍ന്നിരുന്നു. മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവമുണ്ടായത്.