കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ശനിയാഴ്ച11 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ പള്ളുരുത്തി കസബ, എറണാകുളം സെൻട്രൽ, ഹാർബർ ക്രൈം, കണ്ണമാലി, മുളവുകാട്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിലും, റൂറൽ പൊലീസ് പരിധിയിലെ കോടനാട്, ചോറ്റാനിക്കര പോലീസ് സ്റ്റേഷനുകളിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
പള്ളുരുത്തി കച്ചേരിപ്പടി ജംഗ്ഷന് സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് നമ്പിയപുരം കണ്ടത്തിപറമ്പ് വീട്ടിൽ കെ.ടി സഫറുദ്ദീ(22)നെ പ്രതിയാക്കി പള്ളുരുത്തി കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കോവിൽവട്ടം റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് സൗത്ത് ചിറ്റൂർ പുതുപ്പറമ്പിൽ വീട്ടിൽ എസ്. സലീമി(45)നെ പ്രതിയാക്കി എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കെ.എൽ -14-എൽ -5057 നമ്പർ മിനി ടാങ്കർലോറിയിലെത്തി വാതുരുത്തി കൊങ്കൺ പാലത്തിന് സമീപം കക്കു മാലിന്യം തള്ളിയതിന് ഇടക്കൊച്ചി കടത്തിൽപറമ്പിൽ 23/877 വീട്ടിൽ എൻ. ബി ഷഹനാസ് (39), പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് മട്ടാഞ്ചേരി മനക്കൽ 3/869 വീട്ടിൽ സനോജ് (31), കെ.എൽ -18-സി -0747 നമ്പർ മിനി ടാങ്കർലോറിയിലെത്തി വാത്തുരുത്തി- കൊങ്കൺ ഭാഗത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ചതിന് വാഹനത്തിന്റെ ഡ്രൈവർ എന്നിവരെ പ്രതിയാക്കി ഹാർബർ ക്രൈം പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തു.
കണ്ടക്കടവ് പള്ളിയുടെ പടിഞ്ഞാറുഭാഗത്ത് കടൽത്തീരത്ത് മാലിന്യം നിക്ഷേപിച്ചതിന് കുമ്പളങ്ങി പുന്നക്കൽ വീട്ടിൽ മേരി ജോസഫി(55)നെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കെ.എൽ-18-ജി-3876 നമ്പര്‍ മിനി ടാങ്കര്‍ ലോറിയില് ടി.പി വേൾഡിന് സമീപം കക്കൂസ് മാലിന്യം തള്ളിയതിന് മട്ടാഞ്ചേരി പനയപ്പള്ളി 7/964 വീട്ടിൽ അബ്ദുൽ ഷഹീമി(32)നെ പ്രതിയാക്കി മുളവുകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സെസിന് പുറകുവശത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് തിരുവനന്തപുരം കുമാരപുരം സ്വദേശി ഗ്രേസ് അനിത അലോഷ്യസി(39)നെ പ്രതിയാക്കി തൃക്കാക്കര പൊലീസ് കേസ് ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് കോടനാട്, ചോറ്റാനിക്കര പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്.