തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ 20 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികളെ പിന്തുണക്കാൻ വെൽഫെയർ പാർട്ടി തീരുമാനം. പാർട്ടി സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവനയിലാണ് പിന്തുണ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടി യു.ഡി.എഫിനെയാണ് പിന്തുണച്ചിരുന്നത്.
സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന
ജനാധിപത്യ ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടുന്ന പൊതുതെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ 10 വർഷത്തെ ഭരണം കൊണ്ടു രാജ്യത്തെ ഭരണഘടനയെ ദുർബലപ്പെടുത്തുകയും ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കുകയും ചെയ്ത സംഘ്പരിവാർ, വീണ്ടും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ച നിർണായക ഘട്ടത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
ആർ.എസ്.എസും ബി.ജെ.പിയും നരേന്ദ്ര മോദിയും അമിത് ഷായും നേതൃത്വം നൽകിയ കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ അടിത്തറ ഇല്ലാതാക്കി ഇന്ത്യയെ ഒരു സവർണ്ണ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുവാനുള്ള നടപടികൾ ഒന്നിന് പിറകെ ഒന്നായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.
സവർണ ഹിന്ദുത്വ വംശീയ നിലപാടുകൾ തീവ്രമായി നടപ്പാക്കുന്ന ബി.ജെ.പിയുടെ ഭരണ നടപടികളും അവരുടെ കോർപറേറ്റ് ചങ്ങാത്തവും സൃഷ്ടിച്ച ജനവിരുദ്ധതയുടെ ആഘാതങ്ങൾ രാജ്യത്തെ സമസ്ത മേഖലകളെയും തകർത്തിരിക്കുന്നു. ചെറു വിഭാഗം സവർണ വംശീയവാദികളുടെയും ഒരുപിടി കോർപറേറ്റുകളുടെതുമല്ലാത്ത മുഴുവൻ മനുഷ്യരുടെയും ജീവിതം അതീവ ദുസ്സഹമായി മാറി കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ മുസ്‌ലിം – ക്രൈസ്തവ ന്യൂനപക്ഷ ജനവിഭാഗങ്ങളും ദലിത് – ആദിവാസി സമൂഹവും മറ്റ് പിന്നാക്ക സമൂഹങ്ങളും അങ്ങേയറ്റം അരക്ഷിതമായ സാഹചര്യത്തിലാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്.
ഒരു വർഷമായി തുടരുന്ന മണിപ്പൂരിലെ ക്രിസ്ത്യൻ വംശഹത്യക്ക് മൗനം കൊണ്ടു കൂട്ടിരിക്കുകയാണ് മോദി ഭരണകൂടം ചെയ്തത്. സംവരണം പോലെയുള്ള ഭരണഘടനാ പരിരക്ഷകൾ ദുർബലമാക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ പൗരന്മാർ എന്ന നിലക്കുള്ള തുല്യതയെ നിരാകരിക്കുന്ന നിയമനിർമാണങ്ങൾ സ്വാഭാവികമായ ഒരു കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ വൈവിധ്യത്തെ നിരാകരിച്ച് ഏക സംസ്കാരവും ഭാഷയും അടിച്ചേൽപ്പിക്കപ്പെടുന്ന സമഗ്രാധിപത്യ സമീപനം ശക്തിപ്പെട്ടിരിക്കുന്നു. തൊഴിലാളികളും കർഷകരും ചെറുകിട കച്ചവടക്കാരും അടങ്ങുന്ന സാധാരണക്കാരായ ജനകോടികൾക്ക് ദൈനംദിന ജീവിതം തന്നെ അതീവ പ്രയാസകരമായിരിക്കുന്നു.
തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോഴുള്ളത്. ദാരിദ്ര്യവും കഷ്ടപ്പാടും വലിയതോതിൽ ഉയർന്നിരിക്കുന്നു. സ്ത്രീ സുരക്ഷ ഗുരുതരമായ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിട്ടുണ്ട്. എല്ലാ അന്തർദേശീയ ഇൻഡക്സുകളിലും രാജ്യത്തിന്‍റെ സ്ഥാനം വളരെ താഴെയാണ്.
ബി.ജെ.പി ഇതര പാർട്ടികളെ ഒന്നിനെയും നില നിൽക്കാൻ അനുവദിക്കാത്ത വിധം തകർക്കുകയും അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് വിവിധ പാർട്ടികളുടെ നേതാക്കളെ ജയിലിൽ അടക്കുകയും ചെയ്യുന്നു. മറ്റ് പാർട്ടികളുടെ നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽ പെടുത്തിയും ഭീഷണിപ്പെടുത്തിയും ബി.ജെ.പിയിൽ ചേരാൻ നിർബന്ധിക്കുകയാണ്. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പും വെല്ലുവിളി നേരിടുകയാണ്.
രാജ്യത്തിന്റെ ഭരണഘടനയും ഫെഡറൽ ഭരണ സംവിധാനങ്ങളും ഭരണഘടന സ്ഥാപനങ്ങളുടെ സ്വതന്ത്ര അസ്തിത്വവും അവസാന ശ്വാസത്തിൽ എത്തിനിൽക്കുന്ന ഇത്തരമൊരു സാമൂഹിക സാഹചര്യത്തിലാണ് പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇനി ഒരിക്കൽ കൂടി സംഘ്പരിവാർ അധികാരത്തിൽ വന്നാൽ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുകയില്ല എന്നതുറപ്പാണ്. ഈ സാഹചര്യത്തിൽ മതനിരപേക്ഷ ജനാധിപത്യ കക്ഷികൾ കൂട്ടായി അണിചേർന്ന് എന്ത് വില കൊടുത്തും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കണമെന്ന രാഷ്ട്രീയ നിലപാടാണ് വെൽഫെയർ പാർട്ടി ദേശീയാടിസ്ഥാനത്തിൽ സ്വീകരിച്ചിരിക്കുന്നത്.
ബി.ജെ.പി വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും ഒന്നിച്ചുള്ള പരിശ്രമത്തിലൂടെ മാത്രമേ ബി.ജെ.പി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സാധിക്കു. ഇതിനായി പ്രതിപക്ഷ പാർട്ടികൾ ഒരു തെരഞ്ഞെടുപ്പ് പൂർവ സഖ്യം രൂപപ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ അഞ്ചു വർഷമായി വെൽഫെയർ പാർട്ടി ഉയർത്തി കൊണ്ടിരിക്കുന്നുണ്ട്. ഇത് മുൻനിർത്തി എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കളുമായും വെൽഫെയർ പാർട്ടി ദേശീയ നേതൃത്വം കഴിഞ്ഞ വർഷങ്ങളിൽ ആശയവിനിമയവും ചർച്ചകളും നടത്തിയിരുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ചില പോരായ്മകൾ ഉണ്ടെങ്കിലും കഴിഞ്ഞ വർഷം രൂപപ്പെട്ടു വന്ന ഇൻഡ്യ മുന്നണി രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ ഉളവാക്കുന്ന ഒരു ചുവടുവെപ്പാണ്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറന്തള്ളാൻ കഴിയും വിധം വ്യക്തതയുള്ള രാഷ്ട്രീയ ആശയങ്ങളിലൂടെയും സംഘടനാപരമായും ഇൻഡ്യ മുന്നണി ശക്തിപ്പെടുകയും പരസ്പര ധാരണയിലൂടെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഇതിന് കഴിയും വിധമുള്ള വിട്ടുവീഴ്ചകളും അഭിപ്രായ ഐക്യവും വലിയ അളവിൽ ഉണ്ടായി എന്നത് ആഹ്ലാദകരമാണ്. ഈ സഖ്യം വരും തെരഞ്ഞെടുപ്പിൽ ഉജ്ജ്വലമായ മുന്നേറ്റം കാഴ്ചവെക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ഇൻഡ്യ മുന്നണി രൂപീകരണത്തിന് മുൻകൈ എടുത്തത്. മുന്നണിയിൽ തന്നെ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന പാർട്ടിയും കോൺഗ്രസ്സാണ്. കൂടുതൽ സീറ്റും ശക്തിയും ഉള്ള ഒരു കക്ഷി ഉണ്ടാവുക എന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ഗുണകരമായി സ്വാധീനിക്കുന്ന ഘടകമാണ്. അതേസമയം, ഇതര ദേശീയ – പ്രാദേശിക കക്ഷികൾക്കെല്ലാം ഇൻഡ്യ മുന്നണി സംവിധാനത്തിൽ വലിയ പ്രാധാന്യമുണ്ട്.
രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യവും വിവിധ സംസ്ഥാനങ്ങളിലെ പ്രത്യേകമായ രാഷ്ട്രീയ അന്തരീക്ഷവും മുൻനിർത്തിക്കൊണ്ടുതന്നെ സാധ്യമായ ഐക്യവും സീറ്റുധാരണയും ഉണ്ടാക്കി ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന ജനങ്ങളുടെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കാൻ ഇൻഡ്യ മുന്നണിക്ക് കഴിയും എന്നാണ് വെൽഫെയർ പാർട്ടി കരുതുന്നത്. അതേ സമയം ബി.ജെ.പിക്കെതിരായ പൊതു രാഷ്ട്രീയ വേദിയായ ഇൻഡ്യ മുന്നണിയിലെ രണ്ട് പ്രധാന പാർട്ടികളുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് – യു.ഡി.എഫ് കക്ഷികൾ മത്സരിക്കുന്നു എന്ന പ്രത്യേകത കേരളത്തിലുണ്ട്.
സംഘ്പരിവാറിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിനാവശ്യമായ പല ഘടകങ്ങളിൽ ഒന്നാണ് പ്രതിപക്ഷ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് പാർട്ടി കൂടുതൽ സീറ്റുകൾ നേടി പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുക എന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ ഈ ആശയത്തെ മുൻ നിർത്തിയാണ് വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് സമീപനം സ്വീകരിച്ചത്. പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി ഇൻഡ്യ മുന്നണി സ്ഥാനാർഥികളെ പിന്തുണക്കുക എന്ന നിലപാട് സ്വീകരിക്കുന്നതോടൊപ്പം കേരളത്തിലെ പ്രത്യേക സാഹചര്യം മുൻനിർത്തി ഇൻഡ്യ മുന്നണിയിലെ പ്രധാന പാർട്ടിയായ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന്റെ സ്ഥാനാർഥികളെ 20 ലോക്സഭ മണ്ഡലങ്ങളിലും പിന്തുണച്ച 2019ലെ നിലപാട് ആവർത്തിക്കാനാണ് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
ഇതിന്‍റെ ഭാഗമായി കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരുന്നതിന് സഹായകരമാകുന്ന വിധത്തിൽ കേരളത്തിലെ മുഴുവൻ ലോക്സഭ മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാനാണ് പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. പാർട്ടിയുടെ ഈ തെരഞ്ഞെടുപ്പ് സമീപനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ മുഴുവൻ പൊതുജനങ്ങളോടും പാർട്ടി അഭ്യർഥിക്കുന്നു.