കൊല്ലം: ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് അപകടം. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞി ഭാഗത്താണ് എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചത്. പള്ളിപ്പറമ്പിൽ ഡെന്നി സാമിന്റെ വീട്ടിലെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം കുടുംബം പ്രാർത്ഥനയ്ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി.
മുറിയുടെ കതകും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തിച്ചാമ്പലായി. ചാരം മൂടിയ നിലയിലാണ് എസി പ്രവർത്തിച്ചിരുന്ന മുറി. ഇരുനില വീട് മുഴുവൻ കരിയും പുകയും പിടിച്ച് നശിച്ച് അവസ്ഥയിലാണ്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായെന്നും, ഇത് കേട്ട് എത്തിയപ്പോൾ വീട് ആകെ പുകയിൽ മുങ്ങിയിരുന്നെന്നും നാട്ടുകാർ പറഞ്ഞു. പ്രദേശവാസികൾ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും, പൂർണമായും അണയ്ക്കാൻ സാധിച്ചില്ല. തുടർന്ന് ശാസ്താംകോട്ടിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
പൊട്ടിത്തെറിയിൽ പുകമയത്തിലായിരുന്നു വീട് മുഴുവൻ. അതിനാൽ തന്നെ ഫയർഫോഴ്സ് ഏറെ പ്രയാസപ്പെട്ടാണ് തീ പൂർണമായും അണച്ചത്. പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടതോ ആകാം പൊട്ടിത്തെറിക്കു കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ യേശുദാസ്, രമേഷ്ചന്ദ്ര, ഉദ്യോഗസ്ഥരായ മനോജ്, വിജേഷ്, രാജേഷ് ആർ., ഹരിപ്രസാദ്, ഹോം ഗാർഡ് ശിവപ്രസാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.