ഭോപാൽ: ബി.ജെ.പിയുടെ തത്വചിന്തയുമായി തന്റെ ചിന്തകൾ യോജിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുണ്ടാകില്ലെന്നും മുൻ മധ്യപ്രദേശ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് രോഹിത് ആര്യ. വിരമിച്ച് മൂന്ന് മാസത്തിന് പിന്നാലെ കഴിഞ്ഞദിവസം അദ്ദേഹം ബി.ജെ.പിയിൽ അംഗത്വം എടുത്തിരുന്നു. മധ്യപ്രദേശിൽ ബി.ജെ.പി നടത്തിയ സെമിനാറിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും പിന്നാലെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“രാഷ്ട്രീയം എൻ്റെ താത്പര്യത്തിൽ പെടുന്നതല്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് താത്പര്യമില്ല, തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഉദ്ദേശിക്കുന്നില്ല. പൊതുജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ബി.ജെ.പി ഒരു പാർട്ടിയെന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടിയുള്ള എൻ്റെ ആശയങ്ങളെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കും എന്നാണ് പ്രതീക്ഷ,” അദ്ദേഹം പറഞ്ഞു.
1984ൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം 2003ലാണ് മധ്യപ്രദേശ് ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകനെന്ന നിലയിൽ പ്രാക്ടീസ് ചെയ്യുന്നത്. 2013ൽ ഹൈക്കോടതി ജഡ്ജിയായി. 2015ലാണ് സ്ഥിരം ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2024 ഏപ്രിൽ 27നാണ് വിരമിക്കുന്നത്.
മുനവ്വർ ഫാറൂഖി, നളിൻ യാദവ് എന്നിവർക്ക് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് 2012ൽ രോഹിത് ആര്യ ജാമ്യം നിഷേധിച്ചിരുന്നു.
ജാമ്യം കിട്ടാൻ പീഡനക്കേസ് പ്രതി ഇരയായ പെൺകുട്ടിക്ക് രാഖി കെട്ടിക്കൊടുക്കണമെന്ന വിവാദ വിധിയും രോഹിത് ആര്യ നടത്തിയിരുന്നു.