തിരുവനന്തപുരം: മലയാളിയും ബ്രിട്ടനിലെ ലീഡ്സ് സർവകലാശാല പ്രഫസറുമായ പി.എ. മുഹമ്മദ് ബഷീറിന് ബ്രിട്ടീഷ് രാജാവിന്‍റെ ഉയർന്ന ബഹുമതിയായ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ പുരസ്കാരം. സിവിൽ എൻജിനീയറിങ് കോൺക്രീറ്റ് ടെക്നോളജി രംഗത്തെ 40 വർഷം നീണ്ട സമഗ്ര ഗവേഷണങ്ങൾ പരിഗണിച്ചാണ് അവാർഡ്.
കോട്ടയം വെണ്ണിക്കുളം സ്വദേശിയായ പ്രഫ. ബഷീർ 1981ൽ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും കോഴിക്കോട് റീജനൽ എൻജിനീയറിങ് കോളജിൽ (ഇപ്പോഴത്തെ എൻ.ഐ.ടി) നിന്ന് സ്ട്രക്ചറൽ എൻജിനീയറിങിൽ ബിരുദവും നേടിയ ശേഷം റീജനൽ എൻജിനീയറിങ് കോളജിൽ അധ്യാപകനായി. 1987ൽ ബ്രിട്ടനിലെ ക്യൂൻസ് ബെൽഫാസ്റ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റും നേടി. തുടർന്ന് അതേ സർവകലാശാലയിൽ അധ്യാപകനായ ബഷീർ 1999ൽ സ്ട്രക്ചറൽ എൻജിനീയറിങ് പ്രഫസറായി. 2014ൽ പ്രശസ്തമായ ലീഡ്സ് സർവകലാശാലയിൽ സ്ട്രക്ചറൽ എൻജിനീയറിങ് ചെയർ പദവിയിൽ നിയമിതനായി. തുടർന്ന് ലീഡ്സിലെ സിവിൽ എൻജിനീയറിങ് സ്കൂൾ മേധാവിയായി.
2021ൽ രാജ്യാന്തര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺക്രീറ്റ് ടെക്നോളജിയുടെ അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി. കോൺക്രീറ്റ് ഗവേഷണവുമായി ബന്ധപ്പെട്ട് 35 ഡോക്ടറേറ്റുകളും 15 പോസ്റ്റ് ഡോക്ടറേറ്റുകളും അദ്ദേഹത്തിന് കീഴിൽ പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യാന്തര ജേണലുകളിൽ 400ലധികം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1991ൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ മികച്ച യുവശാസ്ത്രജ്ഞനുള്ള പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഐ.ഐ.ടികൾ ഉൾപ്പെടെ ലോകത്തെ മുൻനിര സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറും ഐറിഷ് അക്കാദമി ഓഫ് എൻജിനീയറിങ്ങിലും യു.കെ റോയൽ അക്കാദമി ഓഫ് എൻജിനീയറിങ് ഉൾപ്പെടെ രാജ്യാന്തര സംഘടനകളിലും വിശിഷ്ട അംഗവുമാണ്.