ബെംഗളൂരു: ബെംഗളുരുവിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം. ജീവനും കൊണ്ടാണ് അക്രമിയിൽ നിന്ന് താൻ രക്ഷപ്പെട്ടതെന്നും ബൈക്കിൽ നിന്ന് ഇറങ്ങിയ ശേഷവും പ്രതി ഫോണിലൂടെയും വാട്സാപ്പിലൂടെയും അശ്ലീലസന്ദേശങ്ങളയച്ചെന്നും അതിക്രമത്തിനിരയായ യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്തരമൊരു ഗുരുതരമായ അതിക്രമമുണ്ടായിട്ടും ഒരു നടപടിയുമെടുക്കാത്ത റാപ്പിഡോയ്ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യുവതി.
മണിപ്പൂർ കലാപത്തിനെതിരായ പ്രതിഷേധപരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയാണ് യുവതിക്ക് അതിക്രമം നേരിടേണ്ടി വന്നത്. ബെംഗളുരു എസ് ആർ നഗർ സ്വദേശിയായ ബൈക്ക് ടാക്സി ഡ്രൈവർ കുരുവെട്ടപ്പ അറസ്റ്റിലായി. ആളൊഴിഞ്ഞ ഇടത്ത് വച്ച് ബൈക്കിൽ യുവതി കാണവേ സ്വയംഭോഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഇയാൾ ആക്രമിക്കുമെന്ന് ഭയന്ന യുവതി വീടിന് ഇരുന്നൂറ് മീറ്റർ അകലെ ഇറങ്ങി രക്ഷപ്പെട്ടു. ഇതിന് ശേഷം ഇയാൾ യുവതിയുടെ നമ്പറിലേക്ക് തുടർച്ചയായി വിളിച്ചും മെസ്സേജ് അയച്ചും ശല്യം ചെയ്തു.
സുഹൃത്തിന്‍റെ റാപ്പിഡോ അക്കൗണ്ട് ദുരുപയോഗം ചെയ്താണ് കുരുവെട്ടപ്പ ഡ്രൈവറായി എത്തിയത്. യുവതിയുടെ പരാതിയിൽ 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് ബെംഗളുരു പൊലീസ് അറിയിച്ചു. ഈ ദുരനുഭവം റാപ്പിഡോയുടെ സുരക്ഷാ മാനദണ്ഡങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നതെന്ന് അതിക്രമത്തിനിരയായ യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുരക്ഷാപ്രശ്നം അറിയിക്കാൻ ഒരു പാനിക് ബട്ടൻ പോലുമില്ലാത്ത ടാക്സി ആപ്പാണ് റാപ്പിഡോ. സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ ഓട്ടോമാറ്റിക് ഇ-മെയിൽ മാത്രമാണ് രേഖാമൂലം ലഭിച്ചത്. റാപ്പിഡോയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് യുവതി. ബെംഗളുരു പൊലീസ് റാപ്പിഡോ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തി.