കണ്ണൂർ: പയ്യന്നൂരിൽ സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടിയെടുത്തയാൾ പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് പൊലീസ് പിടികൂടിയത്. പണയ സ്വർണം മാറ്റി വെയ്ക്കാനെന്ന വ്യാജേനയെത്തിയായിരുന്നു തട്ടിപ്പ്.
പയ്യന്നൂർ പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ സ്വകാര്യധനകാര്യസ്ഥാപനം.സ്വർണം പണയം വെക്കാനെന്ന വ്യാജേന അബ്ദുൾ നാസർ സ്ഥാപനത്തിലെത്തുന്നു.മറ്റൊരു ധനകാര്യസ്ഥാപനത്തിൽ പണയത്തിലുള്ള സ്വർണം പലിശ കൂടുതലായതിനാൽ ഇങ്ങോട്ടേക്ക് മാറ്റാമെന്നായിരുന്നു ആവശ്യം.മാനേജറെ പറഞ്ഞ് വിശ്വസിപ്പിച്ച് 45000 രൂപ കൈക്കലാക്കുന്നു.
പണവും വാങ്ങിപ്പോയ അബ്ദുൾ നാസർ തിരിച്ചുവരാതായതോടെയാണ് തട്ടിപ്പ് മനസിലായത്.തുടർന്ന് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി.സിസിടിവി പരിശോധനയിൽ പണവുമായി ഇയാൾ ഓടിരക്ഷപ്പെടുന്നത് കണ്ടെത്തി.മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അബ്ദുൾ നാസർ നിലമ്പൂരുണ്ടെന്ന വിവരം ലഭിക്കുന്നത്. പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.