കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പിഎഫ് ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്താണ് ശിവരാമന് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം കഴിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആയിരുന്നു അന്ത്യം. അപ്പോളോ ടയേഴ്സിലെ കരാര്‍ ജീവനക്കാരനായിരുന്നു ശിവരാമൻ.
എൺപതിനായിരം രൂപയാണ് കിട്ടാൻ ഉണ്ടായിരുന്നത്. പല തവണ ഓഫീസില്‍ കയറിയിറങ്ങി. ആവശ്യപ്പെട്ട രേഖകൾ എല്ലാം കൊടുത്തു. എന്നിട്ടും നീതി നിഷേധിച്ചുവെന്ന് കുടുംബം വ്യക്തമാക്കുന്നു. ഇനിയാർക്കും ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകരുതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ക്യാൻസർ രോഗിയായിരുന്നു മരിച്ച ശിവരാമൻ. ഒന്‍പത് വര്‍ഷമായി ഇദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ചിട്ട്. ഇതിനിടെയാണ് കാന്‍സര്‍ ബാധിതനാകുന്നത്. ചികിത്സക്കായും ഇദ്ദേഹത്തിന് പണം ആവശ്യമായിരുന്നു. പിഎഫ് ഓഫീസിന്റെ ബാത്റൂമിനുള്ളില് വെച്ചാണ് ശിവരാമന് ആത്മഹത്യ ശ്രമം നടത്തിയത്. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.