കൊച്ചി: ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ ജൈവമാലിന്യ സംസ്കരണത്തിലും വൻ അഴിമതി നടന്നതിന്റെ തെളിവുകൾ പുറത്ത്. ടെൻഡർ മാനദണ്ഡപ്രകാരം യോഗ്യതയില്ലാത്ത കമ്പനിക്ക് കൊച്ചി നഗരസഭ കരാർ നൽകിയതിന്റെ രേഖകൾ മുൻ മേയർ ടോണി ചമ്മണി പുറത്തുവിട്ടു. 2021ൽ ഒരു വർഷത്തേക്ക് കരാർ ഏറ്റെടുത്ത സ്റ്റാർ കൺസ്ട്രക്ഷൻ എന്ന കമ്പനിയുമായി ബന്ധപ്പെട്ടാണ് അഴിമതിക്കഥകൾ പുറത്തുവന്നത്.കൊച്ചി കോർപറേഷൻ നേരിട്ട് വിളിച്ച ടെൻഡറിൽ ദിനേന 250 ടൺ ജൈവമാലിന്യം സംസ്കരിക്കാൻ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള കമ്പനികൾക്കായിരുന്നു ക്ഷണം.
ടെൻഡർ കിട്ടാൻ മലപ്പുറം, ഒറ്റപ്പാലം നഗരസഭകളിൽ ജൈവമാലിന്യ സംസ്കരണം നടത്തിയതിന്റെ സർട്ടിഫിക്കറ്റുകളാണ് രേഖകൾക്കൊപ്പം സ്റ്റാർ കൺസ്ട്രക്ഷൻ സമർപ്പിച്ചത്. കൊച്ചി കോർപറേഷന് പുറമെ നാല് നഗരസഭയിലെയും രണ്ട് പഞ്ചായത്തിലെയും മാലിന്യം ബ്രഹ്മപുരത്ത് എത്തിച്ചിട്ടുപോലും 2017-18ൽ മാത്രമാണ് 250 ടൺ മാലിന്യം ഒരുദിവസം സംസ്കരിക്കാവുന്ന നിലയിലെത്തിയത്.
അങ്ങനെയെങ്കിൽ ഒറ്റപ്പാലം പോലുള്ള ചെറിയ നഗരസഭയിൽ 2010ൽ 250 ടൺ മാലിന്യം സംസ്കരിച്ചെന്ന് അവകാശപ്പെടുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന് ടോണി ചമ്മണി ആരോപിച്ചു. 2021 ഏപ്രിൽ 21ന് സ്റ്റാർ കൺസ്ട്രക്ഷന് കരാർ നൽകിയപ്പോൾതന്നെ ആക്ഷേപം ഉണ്ടായതാണ്. ഈ കരാറുകാരനുതന്നെ ടെൻഡർ നൽകാൻ സ്റ്റാർ കൺസ്ട്രക്ഷനും ടെക്നോ ഗ്രൂപ് എന്ന സ്ഥാപനവും ചേർന്ന് ടെക്നോ സ്റ്റാർ എന്ന പേരിൽ രൂപവത്കരിച്ച സംയുക്ത സംരംഭവുമാണ് കരാർ ഒപ്പുവെച്ചത്.
യോഗ്യതയില്ലെന്ന സാങ്കേതികത്വം ഒഴിവാക്കാനായിരുന്നു ഇത്. 2023 മാർച്ച് രണ്ടിന് കരാർ കാലാവധി അവസാനിക്കുന്നതുവരെ പുതിയ ടെൻഡറിനുള്ള നടപടികൾ മേയർ മനഃപൂർവം വൈകിപ്പിച്ചത് സി.പി.എം പ്രാദേശിക നേതാക്കളുമായി ബന്ധമുള്ള കരാറുകാരന് ടെൻഡർ നീട്ടിനൽകാൻ വേണ്ടിയാണെന്നും ടോണി ആരോപിച്ചു.
ബ്രഹ്മപുരത്ത് ബയോ മാലിന്യത്തിന് തീപിടിച്ചത് അണക്കുന്ന കാര്യത്തിൽ അഗ്നിരക്ഷാസേനക്ക് തടസ്സമുണ്ടായതും ഈ ജൈവമാലിന്യം കെട്ടിക്കിടന്നതിനാലാണെന്ന് ടോണി ചൂണ്ടിക്കാട്ടി. തീ പിടിച്ച സ്ഥലങ്ങളിലേക്ക് രക്ഷാസേനയുടെ വാഹനങ്ങൾ എത്താൻ ജൈവമാലിന്യം തടസ്സമുണ്ടായി.