തിരുവനന്തപുരം: റബർ വില വർധിപ്പിച്ചാൽ ബി.ജെ.പിയെ സഹായിക്കാമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയോട് പ്രതികരിച്ച് മന്ത്രി എം.ബി രാജേഷ്. ആർ.എസ്.എസും ബി.ജെ.പിയും ന്യൂനപക്ഷ സംരക്ഷകരായി വരുകയാണെന്ന് എം.ബി രാജേഷ് പറഞ്ഞു.
ആർ.എസ്.എസിന്‍റെ വിചാരധാരയിൽ മുസ് ലിംകളും ക്രൈസ്തവരും കമ്യൂണിസ്റ്റുകളുമാണ് ശത്രുകൾ. കുറുക്കൻ കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ന്യൂനപക്ഷങ്ങൾക്കറിയാമെന്നും എം.ബി രാജേഷ് വ്യക്തമാക്കി.
വിചാരധാരയാണ് ആർ.എസ്.എസിന്‍റെയും അമിത്ഷായുടെയും പ്രാമാണിക ഗ്രന്ഥം. ഹിന്ദു രാഷ്ട്രത്തിന്‍റെ ആന്തരിക ഭീഷണിയെ കുറിച്ചാണ് വിചാരധാരയിലെ ഇരുപതാം അധ്യായം വിവരിക്കുന്നത്. ആ അധ്യായത്തിന്‍റെ തലക്കെട്ട് ക്രൈസ്തവർ എന്നാണെന്നും എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.