കോട്ടയം: അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാവി തീരുമാനിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം. കോട്ടയത്താണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചത്. ഹൈക്കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചാകും പ്രധാന ചർച്ച. ആനയ്ക്ക് റേഡിയോ കോളർ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തോ എന്ന് ചോദിച്ചാണ് കോടതി ആനയെ പിടികൂടുന്നത് 29 വരെ തടഞ്ഞത്. ജനങ്ങളുടെ ഇടയിൽ നില നിൽക്കുന്ന പ്രതിഷേധമടക്കം പരിഗണിച്ചാവും സർക്കാരും വനം വകുപ്പും തുടർ നിലപാട് കൈക്കൊള്ളുക.
‘ഓപ്പറേഷൻ അരിക്കൊമ്പൻ’ ദൌത്യം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. കഴിഞ്ഞ രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ ദൌത്യം നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. കോളർ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്. 29 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.