തിരുവനന്തപുരം: പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടി കൊണ്ട് പോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ചു. പത്തനംതിട്ട മലയാളപ്പുഴ പുതുകുളം ഏറം വട്ടത്തറ കുമ്പഴ എസ്റ്റേറ്റ് പത്താം ലൈൻ ക്യാർട്ടേഴ്സിൽ താമസിക്കുന്ന വിഷ്ണു വിൽസനെയാണ് (25) തട്ടി കൊണ്ട് പോയതിനും പോക്സോ കേസിലെ വിവിധ വകുപ്പുകളിലുമായി 31വർഷം കഠിന തടവിനും ഒരു ലക്ഷം രുപ പിഴയൊടുക്കുന്നതിനും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ്കുമാർ ശിക്ഷ വിധിച്ചത്.
2017ൽ ആണ് കേസിനാസ്പദമായ സംഭവം. നേരെത്തെ പത്തനാപുരത്ത് താമസിച്ചപ്പോൾ സഹോദരൻ വഴി പരിചയപ്പെട്ട പ്രതി, വിവാഹ വാഗ്ദാനം നൽകി ഇയാളുടെ പത്തനംതിട്ടയിലെ വീട്ടിലെത്തിച്ച് ഭക്ഷണം നൽകാതെ ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ഗർഭിണിയായി. പിന്നീട് പോലീസിൽപരാതി നൽകി. പ്രതിയുടെയും ജനിച്ച കുഞ്ഞിന്റെയും രക്ത സാമ്പുളുകൾ എടുത്ത് ഡിഎൻഎ പരിശോധന നടത്തിയപ്പോൾ ഒന്നാണെന്ന് തെളിഞ്ഞു.
പിഴ തുക അതിജീവിതക്ക് നൽകണമെന്നും അല്ലാത്ത പക്ഷം 12 മാസം അധിക തടവും കോടതി വിധിച്ചു. അതിജീവിതക്കും കുഞ്ഞിനും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പിഴ തുക കൂടാതെ നഷ്ട പരിഹാരം നൽകുന്നതിൽ ഡിസ്ട്രിക് ലിഗൽ സർവീസിസ് അതോറിട്ടിക്കും കോടതി നിർദ്ദേശം നൽകി. പ്രോസിക്യൂഷന് പേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ഡി ആർ പ്രമോദ് ഹാജരായി. കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകൾ ഹാജരാക്കുകയും ചെയ്തു. പത്തനാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് വിളപ്പിൽശാല പോലീസിന് കൈമാറുകയായിരുന്നു. അന്നത്തെ വിളപ്പിൽശാല സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി ഷിബു ആണ് കുറ്റപത്രം നൽകിയത്.