കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിമ ബർദ്‌വാൻ ജില്ലയിൽ കാങ്കസ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബ്ലോക്കിലെ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കാട്ടിൽ ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അബോധാവസ്ഥയിൽ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത്.കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രകടനം ആരംഭിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടി ഇപ്പോൾ ദുർഗാപൂർ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടുകയാണെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരമാണ് ആദിവാസി പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം വിറകു ശേഖരിക്കാൻ കാട്ടിലേക്ക് പോയതെന്നാണ് വിവരം. തിരികെ വരുന്നതിനിടെ നാട്ടുകാരായ നാല് യുവാക്കൾ ഇവരെ തടയുകയായിരുന്നു. സുഹൃത്ത് ഓടി രക്ഷപ്പെട്ടെങ്കിലും ഇരയായ പെൺകുട്ടിയെ പ്രതികൾ വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷപ്പെട്ട സുഹൃത്ത് സംഭവം മാതാപിതാക്കളോട് പറയുകയും അവർ ഇരയുടെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളെ വെസ്റ്റ് ബർദ്‌വാൻ ജില്ലാ കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കും.