ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ചരിത്ര സ്മാരകമെന്ന റെക്കോർഡിന് ഇളക്കം തട്ടാതെ താജ്മഹൽ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനിടെ താജ്മഹൽ ടിക്കറ്റ് വിൽപ്പനയിലൂടെ ഏകദേശം 132 കോടി രൂപ ലഭിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്ത്, എല്ലാ പൈതൃക സ്ഥലങ്ങളും സ്മാരകങ്ങളും മാസങ്ങളോളം അടച്ചിടുകയും സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ചെയ്തിരുന്നു.
2019 മുതൽ 2022 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലെ എൻട്രി ടിക്കറ്റ് വിൽപ്പനയിലൂടെ എഎസ്‌ഐ ഉണ്ടാക്കുന്ന മൊത്തം വരുമാനത്തിന്റെ 24 ശതമാനം താജ്മഹലിൽ നിന്നുള്ളതാണ്. 2019-20 ൽ 97.5 കോടി രൂപയായും 2020-21 ൽ 9.5 കോടിയും 2021-22ൽ 25.61 കോടി രൂപയും വരുമാനമുണ്ടാക്കി. മുഗൾ രാജകുടുംബത്തിന്റെ ശവകുടീരങ്ങളുടെ പകർപ്പുകൾ ഉൾക്കൊള്ളുന്ന പ്രധാന ശവകുടീരത്തിന് (മാർബിൾ എൻക്ലോഷർ) 200 രൂപ വിലയുള്ള പ്രത്യേക എൻട്രി പെർമിറ്റ് വിറ്റതിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 17.76 കോടി രൂപ അധികമായി ലഭിച്ചു. ഈ ക്രമീകരണം 2018 ഡിസംബറിലാണ് ആരംഭിച്ചത്. രാജ്യത്തെ 3,693 സ്മാരകങ്ങളാണ് എഎസ്ഐയുടെ നിയന്ത്രണത്തിലുള്ളത്. സംരക്ഷിത സ്മാരകങ്ങളും പ്രദേശങ്ങളും 2020 മാർച്ചിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അടച്ചു. പകർച്ചവ്യാധി ശമിച്ച ശേഷം തുറന്നെങ്കിലും പലതും കണ്ടെയിൻമെന്റ് സോണുകളിലായിരുന്നു.
2021-2022ൽ യഥാക്രമം 6.01 കോടിയും 5.07 കോടിയും നേടിയ ചെങ്കോട്ട, ദില്ലിയിലെ കുത്തബ് മിനാർ എന്നിവയാണ് മറ്റ് പ്രധാന വരുമാന കേന്ദ്രങ്ങൾ. കൊവിഡിന് മുമ്പ് ചെങ്കോട്ടയിൽ നിന്ന് 16.23 കോടി രൂപ വരുമാനം ലഭിച്ചു. 2020-21ൽ ഇത് 90 ലക്ഷമായി കുറഞ്ഞു. 2019-20ൽ കുത്തബ് മിനാർ ടിക്കറ്റ് വിൽപ്പനയിലൂടെ 20.17 കോടി രൂപയാണ് ലഭിച്ചത്. പകൊവിഡ് സമയം വരുമാനം 1.56 കോടി രൂപയായി കുറഞ്ഞു. ആഗ്ര കോട്ട, മാമല്ലപുരത്തെ സ്മാരകങ്ങൾ, കൊണാർക്കിലെ സൂര്യക്ഷേത്രം, ചിത്തോർഗഡ് കോട്ട, ഖജുരാഹോ ക്ഷേത്രങ്ങൾ, എല്ലോറ ഗുഹകൾ, പൂനെയിലെ ഷാനിവാർ വാഡ, ഹൈദരാബാദിലെ ഗോൽക്കൊണ്ട കോട്ട, ദില്ലിയിലെ ഹുമയൂണിന്റെ ശവകുടീരം എന്നിവയും ഏറ്റവും കൂടുതൽ വരുമാനം നേടുന്നവയുടെ പട്ടികയിലുണ്ട്.