കൊച്ചി : തൃക്കാക്കരയിൽ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണൻ. മണ്ഡലത്തിലെ വോട്ടർമാരുമായി നേരിട്ട് ബന്ധമുണ്ടെന്നും കേന്ദ്ര സർക്കാരിന്‍റെ വികസ പദ്ധതികൾ തനിക്ക് ഗുണം ചെയ്യുമെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. സഭാവിശ്വാസികളുടെ വോട്ട് ബിജെപിക്കായിരിക്കുമെന്നും ഇരട്ടനീതിയും ലവ് ജിഹാദും ചർച്ചയാക്കുമെന്നും കെ സുരേന്ദ്രനും എഎൽ രാധാകൃഷ്ണനും പ്രതികരിച്ചു.
സ്ഥാനാർത്ഥി വൈകിയതിൽ ബിജെപി നേതാക്കൾക്കും അണികൾക്കുമിടയിൽ അതൃപ്തി പുകയുന്നതിനിടിയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണന്‍റെ പേര് പാര്‍ട്ടി പ്രഖ്യാപിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്‍റ്, മധ്യകേരളത്തിലെ പാർട്ടിയുടെ പ്രധാനമുഖം, ഒപ്പം സഭാനേതൃത്വത്തോടുള്ള അടുപ്പം എന്നീ ഘടകകങ്ങളാണ് തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണനെ ബിജെപി ഇറക്കാൻ കാരണം. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട എ എൻ രാധാകൃഷ്ണൻ പിന്നെ കണ്ണൂരിൽ ആർഎസ്എസ് പ്രചാരകനായി. യുവമോർച്ചയിലൂടെ വളർന്നാണ് എ എൻ രാധാകൃഷ്ണന്‍ ബിജെപി നേതൃനിരയിലേക്കെത്തിയത്. മുരളീധര വിരുദ്ധ ചേരിയിലായിരുന്നുവെങ്കിലും വൈസ് പ്രസിഡന്‍റായിട്ടും കോർ കമ്മിറ്റിയിൽ നിലനിർത്തപ്പെട്ട രാധാകൃഷ്ണൻ സുരേന്ദ്രനുമായി അടുത്തകാലത്ത് അടുപ്പത്തിലാണ്.
സഭാ വോട്ട് ലക്ഷ്യമിട്ടാകും പ്രചാരണം നടത്തുമെന്ന് എ എൻ രാധാകൃഷ്ണൻ പറഞ്ഞു. ഇതോടെ, ക്രൈസ്തവ സഭയെ ഒപ്പം നിർത്താനുള്ള ബിജെപി നീക്കങ്ങളുടെ പരീക്ഷണശാല കൂടിയാകും തൃക്കാക്കര. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനത്ത് സഭാ നേതൃത്വത്തെ ഒപ്പം നിർത്താനാണ് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ തന്ത്രം. സഭ ഉന്നയിക്കുന്ന ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങൾ ഏറ്റെടുക്കുന്ന പാർട്ടിക്ക് സഭാ വോട്ടുകൾ നിർണ്ണായകമാണ്. അട്ടിമറി ജയം ഉണ്ടാകുമെന്ന് എ എൻ രാധാകൃഷ്ണൻ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ നേടിയ 15483 ൽ നിന്നുള്ള കുതിച്ചുചാട്ടമാണ് ബിജെപിയുടെ വെല്ലുവിളി.
അതേസമയം, തൃക്കാക്കരയില്‍ ഇടത് വലത് മുന്നണികൾ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച് കഴിഞ്ഞു. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ഡി എഫ് ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച് എൽ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. അവധി ദിവസമായ ഇന്ന് യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർഥികൾ രാവിലെ മുതൽ പരമാവധി വോട്ടർമാരെ കാണാൻ ഇറങ്ങി. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും വോട്ടഭ്യർത്ഥന നടത്തുകയാണ് സ്ഥാനാര്‍ത്ഥികള്‍.
തൃക്കാക്കരയിൽ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ട്വന്‍റി 20യുമായി ആലോചിച്ച ശേഷമാകും തീരുമാനം. ഇടതു സ്ഥാനാർത്ഥിയുടെ സഭാ ബന്ധത്തിലൂന്നിയ ചർച്ചയാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇതുവരെ ഏറ്റവും സജീവമായിട്ടുള്ളത്.