ഭുവനേശ്വർ: ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വലംകൈയായിരുന്ന വി.കെ. പാണ്ഡ്യൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. സംസ്ഥാനത്തെ ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജു ജനതാദൾ(ബി.ജെ.ഡി)നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെയാണ് സജീവ രാഷ്ട്രീയം വിടാൻ പാണ്ഡ്യൻ തീരുമാനിച്ചത്. നവീൻ ബാബുവിനെ സഹായിക്കുക എന്നത് മാത്രമായിരുന്നു രാഷ്ട്രീയത്തിൽ ചേരുമ്പോൾ തന്റെ ഉദ്ദേശ്യമെന്നും ഇപ്പോൾ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പാണ്ഡ്യൻ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിലാണ് പാണ്ഡ്യൻ സിവിൽ സർവീസ് ഉപേക്ഷിച്ച് ബി.ജെ.ഡിയിൽ ചേർന്നത്. ഒഡിഷയിലെ ചെറിയ ഗ്രാമത്തിൽ ജനിച്ച തന്റെ കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായിരുന്നു സിവിൽ സർവീസ് അന്ന് ഒരിക്കൽ പാണ്ഡ്യൻ പറഞ്ഞിരുന്നു. ഒഡീഷയിലെ ജനങ്ങൾക്കായി നന്നായി സേവനമനുഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
നവീൻ പട്നാക്കും വി.കെ. പാണ്ഡ്യനും
ബി.ജെ.ഡി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നാഴികക്കല്ലിൽ എത്തുമായിരുന്ന നവീൻ പട്‌നായിക്കിന് വേണ്ടി പ്രവർത്തിക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് പാണ്ഡ്യൻ അന്ന് പറഞ്ഞു. ”എനിക്ക് ലഭിച്ച അനുഭവവും പഠനവും ജീവിതകാലം മുഴുവൻ ഉണ്ട്. അദ്ദേഹത്തിന്റെ കൃപ, നേതൃത്വം, ധാർമികത, എല്ലാറ്റിനുമുപരിയായി, ഒഡീഷയിലെ ജനങ്ങളോടുള്ള സ്‌നേഹം എന്നെ എപ്പോഴും പ്രചോദിപ്പിച്ചു. ഒഡീഷക്കായി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നടപ്പാക്കുക എന്നതായിരുന്നു എന്നിൽ അദ്ദേഹത്തിന്റെ പ്രതീക്ഷ, ഞങ്ങൾ നിരവധി നാഴികക്കല്ലുകൾ വിജയകരമായി കടന്നു.”-എന്നും പാണ്ഡ്യൻ കൂട്ടിച്ചേർത്തു.