കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും കേസ്. തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൊട്ടിൽപാലം പോലീസാണ് കേസെടുത്തത്. കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയതിനും നാട്ടിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനുമാണ് കേസ്. കെ കെ ശൈലജയ്ക്കെതിരായ സൈബർ അതിക്രമത്തിൽ എടുക്കുന്ന നാലാമത്തെ കേസാണിത്.
കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്തെന്ന പരാതിയില്‍ കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മട്ടന്നൂർ പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. മിൻഹാജ് കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.