അഹമ്മദാബാദ്: ഗുജറാത്തിലെ സബർകന്തയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടു. പാടത്ത് പണിക്കെത്തിയവർ മണ്ണിലെ ഇളക്കം കണ്ട് പരിശോധിച്ചപ്പോഴാണ് ജീവനുള്ള കുഞ്ഞാണെന്ന് മനസിലായത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ രാവിലെ ഒമ്പതരയോടെ പാടത്തെത്തിയ ഹിതേന്ദ്ര സിൻഹയെന്ന കർഷകനാണ് മണ്ണിലെ ഇളക്കം ശ്രദ്ധിച്ചത്. കമ്പ് കൊണ്ട് മണ്ണ് നീക്കി നോക്കിയപ്പോൾ കുഞ്ഞ് പാദങ്ങൾ കണ്ടു. തൊട്ടടുത്ത് ജോലിചെയ്യുന്നുണ്ടായിരുന്നു ഗുജറാത്ത് ഇലക്ടിസിറ്റി ബോർഡിലെ ജീവനക്കാരെ വിളിച്ച് വരുത്തി മണ്ണ് മാറ്റി ആ പെൺകുഞ്ഞിനെ പുറത്തെടുത്തു
ആഴമുള്ള കുഴിയായിരുന്നില്ല. കുഞ്ഞിനെ ജില്ലാ ആസ്ഥാനമായി ഹിമ്മത് നഗറിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.പെൺകുഞ്ഞായതിനാൽ ഉപേക്ഷിച്ചതാകാമെന്നാണ് സൂചന. അച്ഛനമ്മമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതക ശ്രമത്തിന് കേസെടുത്തു.