ഒമ്പത് വയസുള്ള കുട്ടിയെ കടിച്ചു കീറി കരടി. വീട്ടിലെ മുതിർന്ന ഒരാൾ ഇതേ തുടർന്ന് കരടിയെ വെടിവച്ച് കൊന്നു. അലാസ്കയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച പാമർ ഹേ ഫ്ലാറ്റിൽ നടന്ന ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റു. സംഭവത്തിൽ വീട്ടിലെ മുതിർന്ന ആളിനും ചെറിയ മുറിവുകളുണ്ടെന്ന് അലാസ്ക സ്റ്റേറ്റ് ട്രൂപ്പേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.
വേട്ടയാടലിന് ഇറങ്ങിയതായിരുന്നു രണ്ട് പേരും. അപ്പോഴാണ് കരടി കുട്ടിയെ ആക്രമിക്കുന്നത്. എന്നാൽ, അതേ സമയം കൂടെയുണ്ടായിരുന്ന മുതിർന്നയാൾ തോക്കെടുത്ത് കരടിയെ വെടി വയ്ക്കുകയായിരുന്നു. കരടി അക്രമിച്ച ഒമ്പത് വയസുകാരനും കരടിയെ വെടിവച്ച് കൊന്ന മുതിർന്നയാളും തമ്മിലുള്ള ബന്ധം എന്താണ് എന്ന് അറിയില്ല. പക്ഷേ, ഇരുവരും സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന് അലാസ്ക പൊലീസ് പറയുന്നു. എന്നാൽ, കുട്ടിയുടെ പേര് വിവരങ്ങളോ കുട്ടിയുടെ നിലവിലെ അവസ്ഥ എന്താണ് എന്നതോ അവർ പുറത്ത് വിട്ടിട്ടില്ല.
കരടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്താനും മൃതദേഹം പരിശോധിക്കാനും അലാസ്കൻ സൈനികരും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷ് ആൻഡ് ഗെയിം സ്റ്റാഫും ബുധനാഴ്ച സംഭവസ്ഥലത്തേക്ക് എത്തി. കുട്ടിയെ ആക്രമിക്കാൻ ആ കരടിയെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു എന്ന് അലാസ്ക ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിഷ് ആൻഡ് ഗെയിം റീജിയണൽ മാനേജ്‌മെന്റ് കോർഡിനേറ്റർ ടോഡ് റിനൽഡി ആങ്കറേജ്, ഡെയ്‌ലി ന്യൂസിനോട് പറഞ്ഞു.
ഈ മാസം ആദ്യം അലാസ്ക സന്ദർശിച്ച ഒരു മിഷിഗൺകാരനെ ഒരു കരടി ആക്രമിച്ചിരുന്നു. വേട്ടയ്ക്കിടെയാണ് ഇയാളെ കരടി ആക്രമിച്ചത്. ഇയാൾക്കും അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. നിക്കോളാസ് കുപെറസ് എന്നയാൾക്കാണ് പരിക്കേറ്റത്.