ഭോപ്പാൽ: മോഷ്ടിച്ചുവെന്ന് സംശയിച്ച് ഒമ്പത് വയസ്സുകാരന് ക്രൂരമായ മര്‍ദ്ദനം. പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേരാണ് കുട്ടിയെ മര്‍ദ്ദിച്ചത്. സൈക്കിൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മധ്യപ്രദേശിലെ ജബര്‍പൂരിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മര്‍ദ്ദനമേറ്റ് അവശനായ കുട്ടിയെ സിവിലിയൻ വേഷത്തിലെത്തിയ പൊലീസുകാരൻ സ്കൂട്ടറിന് മുന്നിലിരുത്തി കൊണ്ടുപോയി.
പ്രദേശത്തുള്ളവര്‍ എതിര്‍ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തടയാനെത്തിയവരെ തള്ളിമാറ്റിയാണ് കുട്ടിയെ കൊണ്ടുപോയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഈ സംഭവം നടന്നത്. സ്പെഷ്യൽ ആംഡ് ഫോഴ്സിലെ കോൺസ്റ്റബിൾ അശോക് ഥാപ്പ എന്നയാളാണ് കുട്ടിയെ ആക്രമിച്ചതിലൊരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ് പി സിദ്ധാര്‍ത്ഥ് ബഹുഗുണ പറഞ്ഞു.
ഒരാൾ കുട്ടിയെ പിടിച്ച് വെക്കുകയും രണ്ട് പേര്‍ ഇരുചക്രവാഹനത്തിലെത്തി കുട്ടിയെ മര്‍ദ്ദിച്ച് കൊണ്ടുപോകുകയുമായിരുന്നു. ഓടിയെത്തിയ സ്ത്രീ ഉൾപ്പെടെ രണ്ട് പേര്‍ ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ വ്യക്തം. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും കോസൺസ്റ്റബിളിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടി സൈക്കിൾ മോഷ്ടിച്ചുവെന്ന പരാതിക്ക് പിന്നാലെയാണ് കോൺസ്റ്റബിളെത്തി ആക്രമിച്ചത്. മസ്താന സ്ക്വയറിലാണ് സംഭവം. ബാലാവകാശനിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.