ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയില്ലെങ്കിലും ജാഗ്രത തുടരണമെന്ന് മുൻ എയിംസ് മേധാവി രൺദീപ് ഗുലേറിയ. ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനിടെയാണ് ഗുലേറിയയുടെ പ്രതികരണം.
കോവിഡ് രോഗികളുടെ എണ്ണം എവിടേയും വർധിക്കുന്നില്ല. പക്ഷേ നമ്മൾ ജാഗ്രത തുടരണം. കൃത്യമായ നിരീക്ഷണം വേണം. പുതിയ വേരിയന്റ്ല്ല വരുന്നത്. ഇത് വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കോവിഡ് സാഹചര്യം ചൈനയേക്കാളും മെച്ചമാണ്. വാക്സിൻ വിതരണത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതിയാണ് ഇതിനുള്ള കാരണം. ഹൈ റിസ്ക് വിഭാഗത്തിലെ ഭൂരിഭാഗം പേരും ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനയെ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പുതിയ വകഭേദം ബി.എഫ്-7 ബാധിച്ച മൂന്നു കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിൽ രണ്ടു പേരിലും ഒഡീഷയിൽ ഒരാൾക്കുമാണ് കൊറോണയുടെ ഈ വകഭേദം ബാധിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഈ വകഭേദത്തിന്‍റെ ആദ്യ കേസ് ഒക്ടോബറിൽ ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ യോഗം വിളിക്കുകയും ചെയ്തിരുന്നു.