മുംബൈ: മാട്രിമോണിയൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത 65 കാരന് നഷ്ടമായത് 60 ലക്ഷം രൂപ. മാട്രിമോണിയൽ വെബ് സൈറ്റിൽ പരിചയപ്പെട്ട യുവതിയുമായി വീഡിയോ കോൾ ചെയ്തതാണ് വയോധികന് വിനയായത്. വീഡിയോ കോളിനിടെ സ്ത്രീ ലൈംഗികമായി പ്രലോഭിപ്പിച്ച് വയോധികനോട് വിവസ്ത്രനാകാൻ ആവശ്യപ്പെടുകയും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. ക്രൈംബ്രാഞ്ചിന്റെ സൈബർ പൊലീസ് സെല്ലിലാണ് പരാതി രജിസ്റ്റർ ചെയ്തത്. ഭാര്യയുടെ മരണശേഷം പുനർവിവാഹത്തിനായാണ് ഇയാൾ മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പോർട്ടലിൽ പരിചയപ്പെട്ട സ്ത്രീ ഇയാളുമായി ചാറ്റിങ് ആരംഭിച്ചു. അതിനുശേഷം അവർ ഫോൺ നമ്പറുകൾ കൈമാറി. വീഡിയോ കോളിനിടെ യുവതി വസ്ത്രം അഴിച്ച് ഇയാളെ പ്രലോഭിക്കുകയും ഇയാളോടും വസ്ത്രമഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുവതി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നത് പരാതിക്കാരന് അറിയില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ഭീഷണിയെ തുടർന്ന് നാണക്കേട് ഭയന്ന് ഇയാൾ 60 ലക്ഷത്തോളം രൂപ നൽകി. ഭീഷണി തുടർന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പരിചയക്കാർക്ക് അയച്ചുകൊടുക്കുമെന്നാണ് യുവതി ഭീഷണിപ്പെടുത്തിയത്.
യുവതി ഉപയോഗിച്ച വാട്‌സ്ആപ്പ് നമ്പറിന്റെയും ഇയാൾ പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്റെയും വിശദാംശങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സ്ത്രീകളുടെ പേരും പ്രൊഫൈൽ ഫോട്ടോകളും ഉപയോഗിച്ച് പുരുഷന്മാരാണ് പല ലൈംഗികാതിക്രമ കേസുകളിലും പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇതിന് പുറമെ, സ്ത്രീകളുടെ വീഡിയോ ഉപയോഗിച്ച് പുരുഷന്മാരെ വീഡിയോ കോളുകളിൽ വശീകരിച്ച് പണം തട്ടുന്ന കേസുകളും വർധിക്കുന്നതായി പൊലീസ് പറഞ്ഞു.