ഗാന്ധിനഗർ : കോട്ടയം മെഡിക്കൽകോളേജിൽ പുതിയതായി നിർമിച്ച സർജറി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ അണുമുക്തമാക്കുന്ന മുറിയിൽ (സി.എസ്.ആർ) വെള്ളക്കെട്ട്. സർജറി ബ്ലോക്കിന്റെ എ-വൺ എന്ന കെട്ടിടത്തിലാണ് സി.എസ്.ആർ മുറി പ്രവർത്തിക്കുന്നത്. ഇതിന്റെ മുകളിലത്തെ നിലയിലെ വാർഡുകളിലേക്കുള്ള വെള്ളം പോകുന്ന പൈപ്പാണ് പൊട്ടിയത്. വെള്ളത്തിന്റെ ശക്തികൊണ്ട് സി.എസ്.ആർ മുറിയുടെ സീലിങ് ഇളകിയാണ് വെള്ളം പതിച്ചത്. ജീവനക്കാർ ആദ്യം വെള്ളം ബക്കറ്റിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. പഴയ സർജറി ബ്ലോക്കിലാണ് 10 മുതൽ 15 വരെയുള്ള വാർഡുകളും പ്രധാന ശസ്ത്രക്രിയ തിയറ്ററും സി.എസ്. ആർ മുറിയും പ്രവർത്തിച്ചിരുന്നത്.
14ാം വാർഡിന്റെ ശുചിമുറി തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിക്കാനിടയായതിനെ തുടർന്ന് 10, 11, 13,14, 15 വാർഡുകളും പ്രധാന ശസ്ത്രക്രിയ തിയറ്ററും സി.എസ്. ആർ മുറിയും കാലപ്പഴക്കം ചെന്ന പഴയ സർജറി ബ്ലോക്കിൽനിന്ന് രോഗികളെ പുതിയ സർജറി ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. എന്നാൽ, തിയറ്ററിന്റെ പ്രവർത്തനം പുതിയ ബ്ലോക്കിൽ തുടങ്ങിയില്ല. അത്യാഹിത വിഭാഗത്തിലുള്ള തിയറ്ററിലാണ് ഇപ്പോൾ ശസ്ത്രക്രിയ നടക്കുന്നത്. എന്നാൽ, സി.എസ്.ആർ മുറി പുതിയ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. നിർമാണം പൂർത്തീകരിച്ച പുതിയ സർജറി ബ്ലോക്കിലെ സീലിങ് തകർന്ന് വെള്ളം പതിക്കാനുണ്ടായത് നിർമാണത്തിലെ അപാകതയാണെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.