ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ കണ്ടെത്തിയ പൈപ്പ് ബോംബ് പോലുള്ള സാമഗ്രഹി ബോംബ് അല്ലെന്ന് പൊലീസ്. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ലോഹത്തകിടുകളാണ് ഇതെന്ന് കരുതുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. പൈപ്പിനുള്ളിൽ നിന്നു ലഭിച്ച ലോഹത്തകിടുകളിൽ എഴുതിയത് പോലെയുണ്ട്. അതാണ് മന്ത്രവാദത്തിന് ഉപയോഗിക്കുന്നതാണെന്ന് നിഗമനത്തിൽ എത്താൻ കാരണമായിട്ടുള്ളത്.
ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ കഴിഞ്ഞ ദിവസങ്ങളില്‍ ബീച്ച് പരിസരത്ത് കണ്ടതായി വിവരം ലഭിച്ചിട്ടുമുണ്ട്. ലോഹത്തകിടുകൾ പരിശോധനയ്ക്കായി എറണാകുളത്തെ റീജനൽ ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ബീച്ചിൽ നാവിക സേനയുടെ പഴയ കപ്പൽ സ്ഥാപിച്ചതിനു സമീപം ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു പൈപ്പ് കണ്ടെത്തിയത്. കടപ്പുറത്തെത്തിയ ദമ്പതിമാരാണ് രണ്ടു ഭാഗവും അടച്ച നിലയിലുള്ള പൈപ്പ് കണ്ടത്.
17 സെന്റി മീറ്റർ നീളവും മൂന്നു സെന്റിമീറ്റർ വ്യാസവുമുള്ള പെപ്പിന്റെ ഇരുവശവും അടച്ച നിലയിലായിരുന്നു പൈപ്പ് കണ്ടെത്തിയത്. സ്കാനർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പൈപ്പിനുള്ളിൽ ലോഹസാന്നിധ്യം കണ്ടെത്തിയതോടെയാണ് പൈപ്പ് ബോംബ് ആണെന്ന സംശയം ശക്തമായത്. വിവരം അറിയിച്ചതിന് പിന്നാലെ കൊച്ചിയിൽ നിന്നു ബോംബ് സ്ക്വാഡ് എത്തി.
പിന്നാലെ മണൽച്ചാക്കുകൾ കൊണ്ട് സുരക്ഷിത മറയൊരുക്കിയ ശേഷം പൈപ്പിൽ ഡിറ്റണേറ്റർ ഘടിപ്പിച്ച് ലഘു സ്ഫോടനം നടത്തി. എന്നാൽ ഡിറ്റണേറ്റർ പൊട്ടിയതല്ലാതെ പൈപ്പ് പോലും പൊട്ടിയില്ല. ഇതോടെ പൈപ്പിനുള്ളിൽ സ്ഫോടകവസ്തു ഇല്ലെന്ന് വ്യക്തമായി. പിന്നാലെ നടത്തിയ പരിശോധനയിലാണ് പൈപ്പിനുള്ളിൽ ലോഹത്തകിടുകൾ കണ്ടെത്തിയത്.