ന്യൂഡൽഹി: പാർലമെന്‍റിന്‍റെ വരാനിരിക്കുന്ന സമ്മേളനങ്ങൾ ചരിത്രപരമായ തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും പുതിയ പാർലമെന്‍റ് മന്ദിരത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിു. പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു മോദിയുടെ പരാമർശം.
“നിലവിൽ പാർലമെന്‍റിൽ നടന്ന സമ്മേളനം ചെറുതായിരിക്കാം. പക്ഷേ സമയം കടന്നുപോകുംതോറും അത് വലുതായിരുന്നു എന്ന് മനസിലാക്കാം. ഇത് ചരിത്രതീരുമാനങ്ങളുടെ സമ്മേളനമാണ്. 75വർഷത്തിന്‍റെ യാത്ര ആരംഭിക്കുന്നത് പുതിയ സ്ഥലത്തുനിന്നാണ് എന്ന പ്രത്യേകതയും ഈ യോഗത്തിനുണ്ട്. പുതിയ സ്ഥലത്തുനിന്നും പുതിയ യാത്ര ആരംഭിക്കുമ്പോൾ, ഇന്ത്യയെ 2047ഓടെ വികസിത രാജ്യമാക്കണമെന്നതാണ് ലക്ഷ്യം. വരും കാലങ്ങളിൽ പുതിയ ഇന്ത്യയുടെ സുപ്രധാന തീരുമാനങ്ങളെല്ലാം പുതിയ പാർലമെന്‍റിൽ നിന്നായിരിക്കും ഉണ്ടാകുക” – പ്രധാനമന്ത്രി വ്യക്തമാക്കി.
സെപ്തംബർ 18 മുതൽ 22 വരെയായിരിക്കും പ്രത്യേക പാർലമെന്‍ററി സമ്മേളനം നടക്കുക. സെപ്തംബർ 19ന് സമ്മേളംന പുതിയ പാർലമെന്‍റിലേക്ക് മാറ്റും. പ്രത്യേക സമ്മേളനത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും വ്യക്തമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എന്നാൽ സമ്മേളന സമയത്ത് ആകാംക്ഷയോടെ ക്ഷമയോടെ കാത്തിരിക്കണമെന്നും കരയാൻ ഇനിയും ഒരുപാട് സമയമുണ്ടെന്നുമായിരുന്നു മോദിയുടെ പ്രതികരണം.
അതേസമയം തങ്ങൾ കരയുകയല്ലെന്നും പുതിയ പാർലമെന്‍റിൽ രാജ്യത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും നാഷണൽ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. രാജ്യത്ത് തെരഞ്ഞെടുപ്പ് വേഗത്തിലാക്കാനാണ് ബി.ജെ.പി സർക്കാരിന്‍റെ നീക്കമെന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വാദം. അതേസമയം ഈ സമയത്ത് പെട്ടെന്ന് പ്രത്യേക സമ്മേളനം വിളിച്ചുചേർത്തതിന്‍റെ ലക്ഷ്യം എന്താണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നാണ് ഇൻഡ്യ സഖ്യത്തിന്‍റെ ആവശ്യം.