വാഷിംഗ്ടൺ: അക്രമി ഓടയിൽ ഉപേക്ഷിച്ച് പോയ തോക്ക് എടുക്കാനുള്ള ശ്രമത്തിൽ വെടിയേറ്റ പൊലീസുകാരന് ദാരുണാന്ത്യം. അമേരിക്കയിലെ വാഷിംഗ്ടണിൽ ബുധനാഴ്ചയാണ് സംഭവം. 25വർഷമായി മെട്രോപൊലിറ്റൻ പൊലീസ് സേനാംഗമായിരുന്ന വെയിൻ ഡേവിഡ് എന്ന പൊലീസുകാരനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
കൊളംബിയയുടെ വടക്ക്കിഴക്കൻ മേഖലയിൽ പതിവ് പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘമാണ് ഒരു ബെക്കിൽ നിന്ന് ഓടയിലേക്ക് സംശയാസ്പദമായ വസ്തു വലിച്ചെറിഞ്ഞ ശേഷം അമിത വേഗതയിൽ വാഹനം ഓടിച്ച് പോവുന്നത് ശ്രദ്ധിക്കുന്നത്.
ബൈക്ക് യാത്രക്കാർ ഓടയിലേക്ക് വലിച്ചെറിഞ്ഞ കവർ എടുക്കാനുള്ള പൊലീസ് സംഘത്തിന്റെ ശ്രമത്തിനിടെ കവറിലുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിപൊട്ടിയാണ് അപകടമുണ്ടായതെന്നാണ് പൊലീസുകാർ വിശദമാക്കുന്നത്. ഓടയിലേക്ക് തോക്ക് വലിച്ചെറിഞ്ഞ ബൈക്ക് യാത്രക്കാരനായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കവറിനുള്ളിൽ തോക്ക് ആണെന്ന് തിരിച്ചറിയും മുൻപ് അബദ്ധത്തിൽ വെടിപൊട്ടിയെന്നാണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാർ വിശദമാക്കുന്നത്. പൊലീസുകാരന്റെ നെഞ്ചിലാണ് വെടിയേറ്റത്.
വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ തോക്ക് ഉപേക്ഷിച്ച യുവാവെന്ന് സംശയിക്കുന്ന ആളിന്റെ ദൃശ്യങ്ങൾ പൊലീസ് ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. പരിക്കേറ്റ പൊലീസുകാരനെ എയർലിഫ്റ്റ് ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരത്തിന്റെ വിവിധ മേഖലകളിൽ നിന്ന് നൂറിലധികം തോക്കുകൾ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് സേനയ്ക്ക് നഷ്ടമായതെന്നാണ് അധികൃതർ പ്രതികരിക്കുന്നത്.