ശ്രീനഗർ: കഴിഞ്ഞ ദിവസം ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ട് പാകിസ്താൻ തീവ്രവാദികളുടെ രേഖാചിത്രം പുറത്തുവിട്ട് സൈന്യം . ഇവരെ കണ്ടെത്താൻ സഹായിക്കുകയും ഇവരെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികവും സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം തുടരുകയാണ്.
ശനിയാഴ്ച വൈകീട്ട് സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് പോകുന്നതിനിടെ ശശിധറിന് സമീപത്തുവെച്ചായിരുന്നു ആക്രമണമുണ്ടായത്. ഭീകരർ പതുങ്ങിയിരുന്ന് വാഹനങ്ങൾക്കുനേരേ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യോമസേന സൈനികൻ വിക്കി പഹാഡേ ആണ് കൊല്ലപ്പെട്ടത്.
അനന്ത്നാഗ്-രജൗറി ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പിന് മൂന്നാഴ്ചമാത്രം ശേഷിക്കേയാണ് ആക്രമണം. മേയ് 25-ന് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗമാണ് പൂഞ്ച്.