തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി വിവേചനത്തിൽ ശക്തമായി പ്രതികരിച്ച് ശ്രീനാരായണ ധർമ്മ സംഘം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ. അയിത്താചാരണം നടത്തിയ വൈദികനെ വൈദിക വൃത്തിയിൽ നിന്ന് പിരിച്ചുവിടണം. മന്ത്രിക്കുണ്ടായ അനുഭവം അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് വർക്കല ശിവഗിരി മഠത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ചില ആളുകളുടെയും അധീശശക്തികളുടെയും ശ്രമങ്ങൾ തുടരുകയാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തിന് തന്നെ അപമാനകരമായ നടപടി സ്വീകരിച്ച വൈദികനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തിൽ സ്വാമി സച്ചിദാനന്ദ സർക്കാരിനെ വിമർശിക്കുകയും ചെയ്തു. സംസ്ഥാനത്ത് മാറിമാറി വരുന്ന എൽഡിഎഫ് യുഡിഎഫ് സർക്കാരുകളുടെ മൃദുസമീപനമാണ് ഇത്തരം പ്രവണതകൾ ആവർത്തിക്കാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം വിഷയം പ്രസംഗത്തിൽ ഉന്നയിച്ച സച്ചിദാനന്ദയെ മന്ത്രി സജി ചെറിയാൻ അഭിനന്ദിച്ചു. അന്ധവിശ്വാസം അനാചാരം ജാതീയത എന്നിവക്കെതിരെ വലിയ പ്രതികരണങ്ങൾ വേണമെന്ന് മന്ത്രി പറഞ്ഞു. ജാതി വിവേചനത്തെക്കുറിച്ച് പുതിയ തലമുറ പഠിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.