പൂണെ: നഗരത്തിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടാക്കിയ കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കി. ജുവൈനൽ ജസ്റ്റിസ് ബോർഡാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്. തുടർന്ന് കൗമാരക്കാരനെ ചിൽഡ്രൻ ഒബ്സർവേഷൻ സെൻററിലേക്ക് മാറ്റി.അതേസമയം, കൗമാരക്കാരനെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി കണക്കിലെടുത്താണ് ഇങ്ങനെയൊരു ആവശ്യം പൊലീസ് ഉന്നയിച്ചത്. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ പുനഃപരിശോധന ഹരജി നൽകിയിട്ടുണ്ട്. കൗമാരക്കാരനെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് റിമാൻഡ് ഹോമിലേക്ക് അയക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് പൂണെ പൊലീസ് കമീഷണർ അറിയിച്ചു.
പൂണെയിൽ അപകടമുണ്ടാക്കിയ കൗമാരക്കാരന് 25 വയസ് വരെ ലൈസൻസ് നൽകില്ലെന്ന് മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കമീഷണർ വിവേക് ഭിമൻവാർ അറിയിച്ചിരുന്നു. നേരത്തെ പുണെയിൽ അമിതവേഗത്തിൽ വന്ന ആഡംബരക്കാർ ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ മദ്യപിച്ച് കാറോടിച്ച കൗമാരക്കാരനെ ജാമ്യം നൽകി വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും എന്ന വിഷയത്തിൽ 300 വാക്കുകളുള്ള ഒരു ഉപന്യാസം എഴുതുക, ട്രാഫിക് നിയമങ്ങൾ പഠിക്കുക, എന്നിവയായിരുന്നു ജാമ്യം നൽകുന്നതിനുള്ള ചില നിബന്ധനകൾ. ഇതിനെ വിമർശിച്ച് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷത്തെ പ്രധാന നേതാക്കൾ രംഗത്തെത്തിയിരുന്നു.