ബത്തേരി: വയനാട് ബത്തേരി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ കയറിയ മോഷ്ടാവിന് വേണ്ടി തിരച്ചിൽ തുടരുന്നു. മുഖം മറച്ചെത്തിയ കള്ളന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സൂപ്പർ മാർക്കറ്റ് ഉടമയുടെ രേഖകൾ അടങ്ങിയ പഴ്സും തുണിക്കടയിലെ ഷർട്ടുകളുമാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസമാണ് ബത്തേരി നഗരത്തിലെ പെട്രോൾ പമ്പിന്റെ ഓഫീസ്, സൂപ്പർ മാർക്കറ്റ്, തുണിക്കട എന്നിവിടങ്ങളിൽ കള്ളൻ കയറിയത്. മോഷ്ടാവിന്റെ ദൃശ്യം പെട്രോൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞു. കോട്ട് ധരിച്ച് മുഖം മറച്ചാണ് മോഷ്ടാവെത്തിയത്. സൂപ്പർ മാർക്കറ്റ് ഉടമയുടെ രേഖകൾ അടങ്ങിയ പഴ്സും തുണിക്കടയിലെ ഷർട്ടുകളും മോഷ്ടാവ് കവർന്നു.മോഷ്ടാവ് അലമാരയിലെ പണത്തിന് വേണ്ടി തിരച്ചിൽ നടത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടമായിട്ടില്ല. സ്ഥാപനങ്ങളിൽ പണം സൂക്ഷിക്കാത്തതുകൊണ്ടു മാത്രം വലിയ നഷ്ടം ഒഴിവായെന്ന് ഉടമകൾ പറയുന്നത്. ശരീരമാസകലം മറച്ചിരിക്കുന്നതു കൊണ്ട് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്ത് മറ്റെവിടെയെങ്കിലും മോഷണം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.