പുതുപ്പള്ളി > പുതുപ്പള്ളിയിൽ മാറ്റം വേണം എന്ന ചിന്തയാണ് ജനങ്ങൾക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജെയ്ക്ക് സി തോമസിന് കിട്ടുന്നത് വലിയ സ്വീകാര്യതയാണ്. വികസനത്തോടൊപ്പം മുന്നേറാൻ നാടാഗ്രഹിക്കുന്നു എന്നും പ്രതിസന്ധികളെ മറികടന്ന് സംസ്ഥാനത്ത് വികസനം ഉറപ്പു വരുത്തി എന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റക്കരയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വലിയ മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ വളർച്ച, വികസനം തടയാൻ ശ്രമിച്ച ശക്തികൾ ഒറ്റപ്പെടുകയാണ്. നിഷേധസമീപനം സ്വീകരിക്കാത്ത വലിയ വിഭാഗം ജനങ്ങൾ നാട്ടിലുണ്ട്. സംഭവിച്ച ചില തെറ്റിദ്ധാരണകൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. തെറ്റിദ്ധാരണകൾ പരത്തി പുതുപ്പള്ളിയിൽ ജയിക്കാമെന്ന് ആരും കരുതേണ്ട. ജെയ്ക് സി തോമസിനോട് അപ്രതിപത്തി കാണിച്ചവർ ഇപ്പോൾ ജെയ്കിനോട് പ്രതിപത്തി കാണിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.